
സൂപ്പർ ലീഗ് കേരള ഫൈനൽ; കണ്ണൂർ വാരിയേഴ്സ്-തൃശൂർ മാജിക് എഫ്സി മത്സരം ഇന്ന്
സൂപ്പർ ലീഗ് കേരള 2025-ന്റെ ഫൈനൽ ഇന്ന്. കണ്ണൂരിന്റെ ഹോം ഗ്രൗണ്ടായ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കാൻ ഏറ്റുമുട്ടും. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം.
സ്പോൺസർഷിപ്പ് അടക്കമുള്ള സാങ്കേതിക–സാമ്പത്തിക കാരണങ്ങളാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) ഈ സീസൺ നടക്കാത്ത സാഹചര്യത്തിൽ, സൂപ്പർ ലീഗ് കേരള വളരെ വേഗത്തിൽ തന്നെ വലിയ ആരാധക ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ സീസണെ അപേക്ഷിച്ച് മികച്ച ജനപിന്തുണയാണ് എല്ലാ ടീമുകൾക്കും ലഭിച്ചത്. നിറഞ്ഞ സ്റ്റേഡിയങ്ങളിലായിരുന്നു ലീഗിലെ മിക്ക മത്സരങ്ങളും നടന്നത്. കേരള ഫുട്ബോളിലെ ആവേശം വീണ്ടും ഉണർത്താൻ ടൂർണമെന്റിന് സാധിച്ചതായി വിലയിരുത്തപ്പെടുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ 13 പോയിന്റുമായി അവസാന നിമിഷം മാത്രമാണ് കണ്ണൂർ വാരിയേഴ്സ് സെമിഫൈനൽ ഉറപ്പിച്ചത്. സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സിയെ അവരുടെ ഹോം ഗ്രൗണ്ടിൽ 1-0ന് തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്സ് ഫൈനലിലെത്തി. അസിയർ ഗോമസ് നേടിയ പെനാൽറ്റി മുഹമ്മദ് സിനാൻ ലക്ഷ്യത്തിലെത്തിച്ചതായിരുന്നു നിർണായക ഗോൾ.
തൃശൂർ മാജിക് എഫ്സി ഗ്രൂപ്പ് ഘട്ടത്തിൽ 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സെമിഫൈനലിൽ മലപ്പുറം എഫ്സിയെ 3-1ന് കീഴടക്കിയാണ് തൃശൂർ മാജിക് എഫ്സി ഫൈനലിലെത്തിയത്. ട്രിനിഡാഡ്–ടൊബാഗോ താരം മാർകസ് ജോസഫ് നേടിയ ഹാട്രിക്കാണ് തൃശൂരിന് സെമിയിൽ കരുത്തായത്.
കഴിഞ്ഞ സീസണിലെ സെമിയിൽ ഫോഴ്സാ കൊച്ചിയോട് തോറ്റ് പുറത്തായതിന്റെ നിരാശകൾ മറികടന്ന് സൂപ്പർ ലീഗ് കേരളയിലെ ആദ്യ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂർ വാരിയേഴ്സ് ഫൈനലിൽ ഇറങ്ങുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ ഏറ്റവും അവസാനം ഫിനിഷ് ചെയ്തിടത്തുനിന്നും പാഠങ്ങൾ പഠിച്ച് ഈ സീസണിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച തൃശൂർ മാജിക് എഫ്സി, ആദ്യമായി കിരീടം നേടാനും കണ്ണൂരിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് മറുപടി നൽകാനുമാണ് ലക്ഷ്യമിടുന്നത്.
കണ്ണൂരിനായി മുന്നേറ്റ നിരയിൽ തിളങ്ങുന്ന മുഹമ്മദ് സിനാൻ ആണ് പ്രധാന പ്രതീക്ഷ. ഗോൾവേട്ടയിലും ക്രിയേറ്റീവ് കളിയിലും ടീമിന്റെ കരുത്തായ സിനാൻ ഈ സീസണിൽ വാരിയേഴ്സിന്റെ ടോപ് പെർഫോമറാണ്. തൃശൂരിന് വേണ്ടി പരിചയസമ്പന്നനായ സ്ട്രൈക്കർ മാർകസ് ജോസഫ് ആണ് ശ്രദ്ധാകേന്ദ്രം. സെമിഫൈനലിൽ ഹാട്രിക്ക് നേടി ടീമിനെ ഫൈനലിലെത്തിച്ച ജോസഫ്, കലാശപ്പോരിൽ മാജിക്കിന്റെ കിരീട സ്വപ്നങ്ങൾക്ക് കരുത്താകും.
സൂപ്പർ ലീഗ് കേരള ചരിത്രത്തിൽ കണ്ണൂരും തൃശ്ശൂരും ഇതുവരെ ഏറ്റുമുട്ടിയ നാല് മത്സരങ്ങളിൽ മൂന്നിലും കണ്ണൂരാണ് ജയിച്ചത്. ഇന്ന് വൈകിട്ട് നടക്കുന്ന ഫൈനൽ മത്സരം സോണി സ്പോർട്സ് നെറ്റ്വർക്കിലും സൂപ്പർ ലീഗ് കേരള യൂട്യൂബ് ചാനലിലുമാണ് സംപ്രേക്ഷണം ചെയ്യുക.


