PHOTO: FACEBOOK
സൂപ്പര്‍ താരം വിജയ് രാഷ്ട്രീയത്തില്‍
തമിഴ് സൂപ്പര്‍ താരം വിജയ് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് തന്റെ രാഷ്ട്രീയ പ്രവേശനം ഔപചാരികമായി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം (ടിവികെ) അഥവാ തമിഴ്‌നാട് വിജയ പാര്‍ട്ടി എന്നു നാമകരണം ചെയ്ത പുതിയ കക്ഷിയുടെ നേതാക്കള്‍ വിജയ്‌യെ പാര്‍ട്ടി നേതാവായി വെള്ളിയാഴ്ച തെരഞ്ഞെടുത്തതോടെയാണ് സൂപ്പര്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ഉറപ്പായത്. 2026 ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് ടിവികെ ലക്ഷ്യമിടുന്നതെന്ന് കരുതപ്പെടുന്നു.
വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കില്ലെന്നും മറ്റുള്ള കക്ഷികള്‍ക്ക് പിന്തുണ നല്‍കില്ലെന്നും വിജയ് അഭിപ്രായപ്പെട്ടതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കേണ്ടതില്ലെന്ന് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധത്തില്‍ ഏറ്റെടുത്തിട്ടുള്ള സിനിമകള്‍ പൂര്‍ത്തിയാക്കിയതിനുശേഷം പൂര്‍ണ്ണസമയവും പൊതുജന സേവനത്തിനായി മാറ്റിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് നാട്ടിലെ ജനങ്ങളോടുള്ള തന്റെ നന്ദി രേഖപ്പെടുത്തലാണ് പൊതുജന സേവനമെന്നും അദ്ദേഹം പറഞ്ഞു.
എം ജി രാമചന്ദ്രന്‍, ജയലളിത, കമല്‍ ഹാസന്‍, വിജയ് കാന്ത്, ശരത് കുമാര്‍ തുടങ്ങിയ തമിഴ് സിനിമയിലെ പല പ്രമുഖരും രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടവരാണ്. അതില്‍ എംജിആറും, ജയലളിതയും മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവര്‍ ആരുംതന്നെ രാഷ്ട്രീയത്തില്‍ ശോഭിച്ചില്ല.
തമിഴ് സിനിമയിലെ ഇപ്പോഴത്തെ ഏറ്റവും ജനപ്രിയ അഭിനേതാക്കളില്‍ ഒരാളായ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെക്കാലമായി സജീവമാണ്.