.jpg)
യുക്രൈൻ പദ്ധതിക്ക് പിന്തുണ; റഷ്യ വിജയിച്ചാൽ അന്താരാഷ്ട്ര ക്രമത്തെ കുഴപ്പത്തിലാക്കുമെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുക്രൈനിന്റെ പദ്ധതിക്ക് പൂർണ പിന്തുണയുമായി ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ട്. ഈ നിർദ്ദേശത്തിന് മറ്റ് രാജ്യങ്ങളുടെ കൂടെ പിന്തുണ ഉറപ്പാക്കാൻ യുക്രൈനിനൊപ്പം പ്രവർത്തിക്കുമെന്ന് യുക്രൈൻ തലസ്ഥാത്ത് വച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുക്രൈൻ പ്രസിഡൻ്റ് വൊളൊഡിമിർ സെലെൻസ്കി അവതരിപ്പിച്ച വിജയ പദ്ധതി ചർച്ചകളിലൂടെ യുക്രൈനിലെ അധിനിവേശം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റഷ്യ വിജയിച്ചാൽ അത് അന്താരാഷ്ട്ര ക്രമത്തെ കുഴപ്പത്തിലേക്കാണ് തള്ളി വിടുന്നത് എന്ന് ബാരോട്ട് യുക്രൈൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹയുമായുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതുകൊണ്ടാണ് സെലൻസ്‌കിയുടെ വിജയ പദ്ധതിയിൽ പുരോഗതി കൈവരിക്കാനും, അതിനായി, സാധ്യമായ ഏറ്റവും കൂടുതൽ രാജ്യങ്ങളെ അണിനിരത്താൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നും ബാരോട്ട് പറഞ്ഞു.
യുക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ചതുമുതൽ, സാമ്പത്തിക-സൈനിക-നയതന്ത്രപരമായി യുക്രൈനിനെ സഹായിക്കുന്ന യൂറോപ്പിലെ ശക്തമായ രാജ്യമാണ് ഫ്രാൻസ്. യുക്രൈൻ സൈന്യത്തെ ഫ്രാൻസ് പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.