
ക്യൂബക്കെതിരായ യുഎസ് ഉപരോധം പിൻവലിക്കുന്നതിനെ പിന്തുണച്ചു; വിദേശകാര്യ മന്ത്രിയെ പുറത്താക്കി അർജന്റീന
അർജൻ്റീനയിലെ വിദേശകാര്യ മന്ത്രി ഡയാന മൊണ്ടിനോയെ പ്രസിഡൻ്റ് ജാവിയർ മിലി പുറത്താക്കി. ക്യൂബക്കെതിരെ യുഎസ് നടത്തുന്ന ഉപരോധം പിൻവലിക്കുന്നതിനായി, ഐക്യരാഷ്ട്രസഭയിൽ വോട്ട് ചെയ്തതിനെ തുടർന്നാണ് വിദേശകാര്യ മന്ത്രി പദവിയിൽ നിന്ന് ഡയാനയെ പുറത്താക്കിയത്. ഇതേ തുടർന്ന് അർജന്റീനയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ജെറാർഡോ വെർതൈനിനെ നിയമിച്ചു. ഇക്കാര്യം പ്രസിഡൻഷ്യൽ വക്താവ് മാനുവൽ അഡോർണി സമൂഹമാധ്യമമായ എക്‌സിൽ അറിയിച്ചു. അമേരിക്കയിലെ, അർജന്റീനയുടെ അംബാസിഡറായിരുന്നു ജെറാർഡോ.
അമേരിക്കയും ഇസ്രായേലും മാത്രമാണ് യുഎന്നിന്റെ പ്രമേയത്തെ എതിർത്ത് ഐക്യരാഷ്ട്രസഭയിൽ വോട്ട് ചെയ്തത്. പ്രമേയത്തെ പിന്തുണച്ച 187 രാജ്യങ്ങളിൽ ഒന്നാണ് അർജന്റീന. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡയാനയും മിലിയും തമ്മിൽ വിവിധ വിഷയങ്ങളിലായി പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായി പറയുന്നു.
ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളെക്കുറിച്ച് അർജന്റീന പ്രസിഡന്റായ ജാവിയർ മിലി പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയപ്പോഴും, അന്താരാഷ്‌ട്ര ബന്ധങ്ങൾ നിലനിർത്തുന്നതിനായി സ്വീകാര്യമായ പ്രവർത്തനങ്ങളാണ് ഡയാന ചെയ്തിരുന്നത്.
നമ്മുടെ രാജ്യം ക്യൂബൻ സ്വേച്ഛാധിപത്യത്തെ ശക്തമായി എതിർക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന എല്ലാ ഭരണകൂടങ്ങളെയും അപലപിക്കുന്ന ഒരു വിദേശനയം പ്രോത്സാഹിപ്പിക്കുന്നതിൽ ഞങ്ങൾ എപ്പോഴും ഉറച്ചുനിൽക്കുമെന്ന്, ഡയാനയുടെ പുറത്താക്കലിന് ശേഷം, പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അഭിപ്രായപ്പെട്ടു.
അർജന്റീന വലിയ മാറ്റങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ഘട്ടത്തിൽ നയതന്ത്രപരമായ ഓരോ തീരുമാനത്തിലും പാശ്ചാത്യ ജനാധിപത്യങ്ങളുടെ സവിശേഷതയായ സ്വാതന്ത്ര്യം, പരമാധികാരം, വ്യക്തിഗത അവകാശങ്ങൾ എന്നിവയുടെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കേണ്ടതുണ്ടെന്നും വാർത്താ കുറിപ്പിൽ പറഞ്ഞു.
1962 ൽ ഫിഡൽ കാസ്ട്രോയെ അധികാരത്തിലെത്തിച്ച ക്യൂബൻ വിപ്ലവത്തെ തുടർന്നാണ് യുഎസ് ക്യൂബയിൽ വ്യാപാര ഉപരോധം ഏർപ്പെടുത്തിയത്. ക്യൂബയിലെ സോഷ്യലിസ്റ്റ് നയങ്ങൾ എതിർത്തിരുന്നവരാണ് യുഎസ്. മുതലാളിത്ത നയം അവിടെ കൊണ്ട് വരാൻ ആഗ്രഹിച്ചുവെങ്കിലും അത് നടന്നില്ല. തുടർന്ന് യുഎസ് ഉപരോധം തുടരുകയായിരുന്നു.