
ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി
ടിപി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും കേസിന്റെ മെറിറ്റ് അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സാക്ഷി മൊഴികൾ അടക്കം കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ആണ് ജസ്റ്റിസുമാരായ സജ്ജീവ് കരോളും എസ് സി ശര്‍മ്മയുമടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ടി.പി. വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ഇടയ്ക്കിടെ ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് കെ കെ രമ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേർക്ക് ആയിരം ദിവസത്തിലധികം പരോൾ അനുവദിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകുമെന്ന് കെ കെ രാമ പറഞ്ഞു.


