TMJ
searchnav-menu
post-thumbnail

TMJ Daily

പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം നല്‍കി

17 Sep 2024   |   1 min Read
TMJ News Desk

ടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെന്ന എന്‍എസ് സുനിലിന് സുപ്രീം കോടതി ഇന്ന് ജാമ്യം അനുവദിച്ചു. ഏഴര വര്‍ഷമായി ജയിലില്‍ കഴിയുന്ന സുനിക്ക് ആദ്യമായാണ് ജാമ്യം ലഭിക്കുന്നത്. കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിചാരണക്കോടതിയിലെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച കോടതി കേസിന്റെ വിചാരണ സമീപ കാലത്തൊന്നും തീരാന്‍ ഇടയില്ലെന്നും ചൂണ്ടിക്കാട്ടി. വിചാരണ അനന്തമായി നീണ്ടു പോകുന്നതും ജാമ്യം അനുവദിക്കാന്‍ കാരണമായി.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകന് 87 ദിവസം വിസ്താരം നടത്താന്‍ അനുവദിച്ച വിചാരണക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. തികച്ചും ആശ്ചര്യകരമായ ഒന്നാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ കോടതി സംസ്ഥാന സര്‍ക്കാര്‍ അതിനെ ഒരിക്കല്‍ പോലും തടഞ്ഞില്ലെന്നും പറഞ്ഞു.

പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തന്നെ ഭീഷണിയാവുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. ഒരാഴ്ചക്കകം വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യം അനുവദിക്കാനാണ് സുപ്രീം കോടതി നിര്‍ദേശം. കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാരിന് വിചാരണ കോടതിയില്‍ ഉന്നയിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.


#Daily
Leave a comment