TMJ
searchnav-menu
post-thumbnail

PHOTO: INC.IN

TMJ Daily

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീങ്ങി

04 Aug 2023   |   2 min Read
TMJ News Desk

പകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി വിധി. രാഹുല്‍ കുറ്റക്കാരനാണെന്ന സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.  ഗുജറാത്ത് ഹൈക്കോടതി സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങി. ജസ്റ്റിസ് ബിആര്‍ ഗവായ്, പിഎസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മണ്ഡലം ഒഴിഞ്ഞുകിടക്കുന്നത് ഗൗരവമുള്ള കാര്യം

കേസില്‍ രാഹുലിന് പരമാവധി ശിക്ഷവിധിച്ചതിന് വിചാരണ കോടതി പ്രത്യേക കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷ നല്‍കുന്നതില്‍ പ്രത്യാഘാതങ്ങളുണ്ട്. രാഹുല്‍ ഗാന്ധിയുടെ പൊതുജീവിതത്തേയും വയനാട് ലോക്‌സഭാ മണ്ഡലത്തെയും അത് ബാധിക്കും എന്നും കോടതി വ്യക്തമാക്കി. സ്‌റ്റേ അനുവദിക്കണമെങ്കില്‍ ശക്തമായ കാരണം ഉണ്ടാവണം എന്ന് പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി വാദിച്ചപ്പോള്‍ ഒരു ലോക്‌സഭാ മണ്ഡലം ജനപ്രതിനിധി ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ ഈ കാര്യം വിചാരണക്കോടതി പരിഗണിച്ചിരുന്നോ എന്നും കോടതി ചോദിച്ചു.

രാഹുല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിക്കൊണ്ടുള്ള സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. പത്തിലേറെ ക്രിമിനല്‍ കേസുകള്‍ രാഹുലിനെതിരെയുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായുമാണ് കോടതി പറഞ്ഞത്. രാഹുല്‍ കുറ്റക്കാരനാണെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് ഗുജറാത്ത് കോടതി അന്ന് വ്യക്തമാക്കിയിരുന്നത്. മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കു സ്റ്റേ ആവശ്യപ്പെട്ടു ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അപകീര്‍ത്തി കേസ്

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തെ തുടര്‍ന്നാണ് ഏപ്രില്‍ 23 ന് ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. പേരില്‍ 'മോദി' എന്ന് ചേര്‍ത്തിരിക്കുന്ന എല്ലാവരെയും രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയെന്ന, ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലായിരുന്നു വിധി. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ നിയമസഭാംഗത്വം നഷ്ടമായി.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് കേസിന് ആസ്പദമായ സംഭവം. കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിക്കവേ, 'എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന തുടര്‍നാമമുള്ളത്' എന്ന് രാഹുല്‍ പറയുകയുണ്ടായി. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട വ്യവസായികളായ നീരവ് മോദി, ലളിത് മോദി എന്നിവരെയും നരേന്ദ്ര മോദിയെയും ചേര്‍ത്തുവച്ചുകൊണ്ടാണ് അത്തരം പരാമര്‍ശം നടത്തിയത്. എന്നാല്‍, രാഷ്ട്രീയ കാമ്പയിനിന്റെ ഭാഗമായി രാഹുല്‍ നടത്തിയ പരാമര്‍ശം, മോദിയെന്ന ജാതിയെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാട്ടിയാണ് പൂര്‍ണേഷ് മോദി പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു പരാതി. രണ്ടു വര്‍ഷത്തെ തടവിനോടൊപ്പം 15,000 രൂപ പിഴയുമാണ് വിധിയുടെ ഭാഗമായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വര്‍മ ചുമത്തിയത്.


#Daily
Leave a comment