പ്രബീര്‍ പുര്‍കായസ്ത | PHOTO: FACEBOOK
ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി
യുഎപിഎ കേസില്‍ അറസ്റ്റിലായ ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റിമാന്‍ഡ് ഉത്തരവ് പ്രബീറിനെയോ അഭിഭാഷകനെയോ അറിയിച്ചിട്ടില്ലെന്നും അറസ്റ്റ് നടപടികളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബീര്‍ പുര്‍കായസ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് പ്രബീറിന് വേണ്ടി ഹാജരായത്.
2023 ഒക്ടോബറിലാണ് വാര്‍ത്താപോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്യുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്ത ഡല്‍ഹി പൊലീസ് സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് റെയ്ഡും അറസ്റ്റും ഉണ്ടായത്.