TMJ
searchnav-menu
post-thumbnail

സഞ്ജീവ് ഭട്ട് | Photo: PTI

TMJ Daily

സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി; ജസ്റ്റിസ് ഷാ തുടരും

10 May 2023   |   2 min Read
TMJ News Desk

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ തനിക്കെതിരായ നിലപാടെടുത്ത ജസ്റ്റിസ് എം.ആര്‍ ഷാ സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് പിന്മാറണമെന്ന മുന്‍ ഗുജറാത്ത് ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഈ മാസം 15 ന് വിരമിക്കുന്ന ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് തന്നെയാണ് സഞ്ജീവ് ഭട്ടിന്റെ ആവശ്യം തള്ളിയത്. 

ജസ്റ്റിസ് ഷായെ കൂടാതെ, ബെഞ്ചിലുള്ള മലയാളിയായ ജസ്റ്റിസ് സിടി രവികുമാറും ചേര്‍ന്നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം.ആര്‍ ഷാ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കേ ഇതേ കേസില്‍ സഞ്ജീവ് ഭട്ടിനെതിരായ വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതി ബെഞ്ചില്‍ നിന്ന് പിന്മാറണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ബോധിപ്പിച്ചു. 

ജഡ്ജിക്ക് യഥാര്‍ത്ഥത്തില്‍ പക്ഷപാതമുണ്ടോ എന്നല്ല, പക്ഷപാതമുണ്ടായേക്കുമോ എന്ന തോന്നല്‍ ഹര്‍ജിക്കാരനിലുണ്ടാകുമോ എന്നതാണ് വിഷയമെന്നും കാമത്ത് ചൂണ്ടിക്കാട്ടി. നീതി ചെയ്താല്‍ പോരെന്നും ചെയ്തതായി തോന്നണമെന്നും അതിനാല്‍ ജസ്റ്റിസ് എം.ആര്‍ ഷാ ഈ കേസ് കേള്‍ക്കരുതെന്നാണ് കോടതിയുടെ ഔചിത്യബോധം ആഗ്രഹിക്കുന്നതെന്നും കാമത്ത് കൂട്ടിച്ചേര്‍ത്തു. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രഭുദാസ് വൈഷ്ണനിയുടെ കസ്റ്റഡി മരണക്കേസില്‍ ജാംനഗര്‍ ജില്ലാ കോടതി സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് സഞ്ജീവ് ഭട്ടിന്റെ ആവശ്യം. 2011 ലാണ് എംആര്‍ ഷാ ഗുജറാത്ത് ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ തനിക്കെതിരെ കുറ്റങ്ങള്‍ ചുമത്തരുതെന്ന ഭട്ടിന്റെ അപേക്ഷ ജസ്റ്റിസ് എംആര്‍ ഷാ തള്ളിയത്. 

വൈഷ്ണനി കസ്റ്റഡി മരണം

1990 ലെ എല്‍കെ അദ്വാനിയുടെ രഥയാത്രയെ തുടര്‍ന്ന് ജാംനഗര്‍ ജില്ലയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ അറസ്റ്റിലായ 150 ഓളം പേരില്‍ ഒരാളായിരുന്നു പ്രഭുദാസ് വൈഷ്ണനി. കസ്റ്റഡിയിലിരിക്കെ അദ്ദേഹം കൊല്ലപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കിലും ഹൈക്കോടതിയുടെ സ്റ്റേയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. 2011 ലാണ് സ്റ്റേ നീക്കം ചെയ്ത് വിചാരണ പുനഃരാരംഭിച്ചത്. 2019 ജൂണില്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം ശിക്ഷിച്ചു. ജാംനഗറില്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ടും മറ്റ് ആറ് പോലീസുകാരും വൈഷ്ണാനിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലായിരുന്നു വിധി. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് 10 ദിവസത്തിനു ശേഷമാണ് യുവാവ് മരിച്ചതെങ്കിലും കസ്റ്റഡി പീഡനമാണ് കാരണമെന്നാണ് കോടതി കണ്ടെത്തിയത്. 

ഭട്ടിനെതിരായ ഭരണകൂടനീക്കം

ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിക്കെതിരെ മൊഴി നല്‍കിയ ഐപിഎസുകാരനാണ് സഞ്ജീവ് ഭട്ട്. മോദി-അമിത്ഷാ കൂട്ടുകെട്ടിനെയും ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ, ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശബ്ദിച്ചിരുന്ന ആളായിരുന്നു ഭട്ട്. ജോലി നഷ്ടപ്പെട്ട ഭട്ട്, ജാമ്യം നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുമ്പോഴും പുതിയ കേസുകള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്.

#Daily
Leave a comment