PHOTO: WIKI COMMONS
വിവിപാറ്റ് ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി; മുഴുവന്‍ സ്ലിപ്പുകള്‍ എണ്ണുക പ്രായോഗികമല്ല
ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം വിവിപാറ്റ് സ്ലിപ്പുകളും പൂര്‍ണമായും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. വിവിപാറ്റ് സംവിധാനത്തിലെ പേപ്പര്‍ സ്ലിപ്പുകളും വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളും വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ള സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മുഴുവന്‍ സ്ലിപ്പുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സ്ഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു സംവിധാനത്തെ മുഴുവനായി സംശയത്തോടെ വീക്ഷിക്കുന്നത് അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴി വച്ചേക്കുമെന്ന് കോടതി നിരീക്ഷിച്ചു. ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ഇവിഎമ്മിന്റെ മൈക്രോകണ്‍ട്രോളര്‍ ബേണ്‍ ചെയ്ത മെമ്മറി, സീരിയല്‍ നമ്പര്‍ എന്നിവ വിദഗ്ധ സംഘത്തിന് പരിശോധിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഫലം വന്ന് ഏഴ് ദിവസത്തിനകം പരിശോധനയ്ക്കുള്ള അപേക്ഷ നല്‍കണം.
നിലവില്‍ എല്ലാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുത്ത അഞ്ച് വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകളാണ് എണ്ണുന്നത്. എന്നാല്‍ അതിന് പകരം മുഴുവന്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കുമൊപ്പമുള്ള വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഈ മാസം 18 നാണ് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയത്. മുഴുവന്‍ വിവിപാറ്റുകളും എണ്ണുന്നത് തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
വിവിപാറ്റ്
വോട്ട് രേഖപ്പെടുത്തുന്നതിലെ കൃത്യത ഉറപ്പാക്കുന്നതിനായി ഏര്‍പ്പെടുത്തിയ രസീത് സംവിധാനമാണ് വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവ വിവിപാറ്റ്. വോട്ടിങ് മെഷീനുമായി ഘടിപ്പിച്ച വിവിപാറ്റ് യന്ത്രമാണ് വോട്ടര്‍ ആര്‍ക്ക് വോട്ട് ചെയ്തുവെന്ന് രേഖാമൂലം കാണിക്കുന്ന സ്ലിപ്പ് പുറപ്പെടുവിക്കുന്നത്. ഹര്‍ജികള്‍ കോടതിയില്‍ എത്തിയതോടെ വിവിപാറ്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടിയിരുന്നു.