
രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി ശാസന
ഇന്ത്യയുടെ 2,000 കിലോമീറ്ററിലധികം പ്രദേശം ചൈന പിടിച്ചെടുത്തെന്ന വിവാദ പരാമർശനത്തിന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ശാസിച്ച് സുപ്രീം കോടതി. ചൈന 2,000 കിലോമീറ്റർ ഭൂമി പിടിച്ചെടുത്ത കാര്യം നിങ്ങൾക്കെങ്ങനെ അറിയാമെന്ന് സുപ്രീംകോടതി ആരാഞ്ഞു. ഒരു യഥാർഥ ഇന്ത്യൻ പൗരൻ അത്തരത്തിലുള്ള പരാമർശങ്ങൾ നടത്തില്ലെന്നും, നമ്മുടെ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.
2022ലെ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ചൈന ഇന്ത്യയുടെ പ്രദേശങ്ങൾ പിടിച്ചെടുത്തെന്നും ചൈനീസ് സൈന്യം അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈന്യത്തെ മർദിക്കുകയാണെന്നും രാഹുൽ പറഞ്ഞത്. ഇതിൽ തനിക്കെതിരെ നൽകിയ പരാതി ചൂണ്ടിക്കാണിച്ച് രാഹുൽ ഗാന്ധി നൽകിയ പരാതി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.
മാനനഷ്ടക്കേസ് ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ശാസനം. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


