കെജ്രിവാളിന് ജാമ്യം നല്‍കിയതില്‍ പ്രത്യേക പരിഗണനയില്ലെന്ന് സുപ്രീംകോടതി
മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കിയത് പ്രത്യേക പരിഗണനകളോടെ അല്ലെന്ന് സുപ്രീംകോടതി. ജാമ്യം നല്‍കിയതിന്റെ കാരണം ഉത്തരവില്‍ പറയുന്നുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും പറഞ്ഞു.
ജാമ്യം സംബന്ധിച്ച കെജ്രിവാളിന്റെ പ്രസംഗം ഇഡിയും, കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസംഗം കെജ്രിവാളിന്റെ അഭിഭാഷകനും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. പ്രത്യേക പരിഗണനയിലാണ് കെജ്രിവാളിന് ജാമ്യം നല്‍കിയതെന്ന അമിത് ഷായുടെ പ്രസംഗമാണ് കോടതിക്ക് മുന്നില്‍ കൊണ്ടുവന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ തനിക്ക് തിരിച്ച് ജയിലില്‍ പോകേണ്ടി വരില്ലെന്നായിരുന്നു കെജ്രിവാള്‍ പ്രസംഗിച്ചത്. കെജ്രിവാളിന്റെ പ്രസംഗം വ്യവസ്ഥയുടെ മുഖത്തേറ്റ അടിയാണെന്നും ഇഡി കോടതി മുമ്പാകെ പറഞ്ഞു. ഇരു പ്രസ്താവനകളിലും അഭിപ്രായം പറയാന്‍ കോടതി വിസമ്മതിച്ചു.
ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വിധിക്കെതിരെ വന്നിരിക്കുന്ന വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നതായി കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മെയ് 10 നാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം സുപ്രീംകോടതി അനുവദിച്ചത്. ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്നാണ് വ്യവസ്ഥ.