മുംബൈ ട്രെയിൻ സ്‌ഫോടന കേസ് വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി വ്യാഴാഴ്ച (ജൂലൈ 24, 2025) സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ ജയിൽ മോചിതരായവർ ജയിലിലേക്ക് മടങ്ങേണ്ടതില്ലെന്ന് പറഞ്ഞു.
മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (എംസിഒസിഎ) പ്രകാരം, ചാർജ് ചെയ്ത കേസ്സുകളുടെ തീർപ്പാക്കാത്ത വിചാരണകളെ ബാധിക്കുന്ന നിരീക്ഷണങ്ങൾ ഹൈക്കോടതി വിധിയിൽ അടങ്ങിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചു. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എൻ കോടിശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.
മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ പ്രകാരമുള്ള കേസുകൾ കേൾക്കുന്ന വിചാരണ കോടതികൾ, ഹൈക്കോടതി വിധി ഒരു കീഴ്വഴക്കമായി കണക്കാക്കരുതെന്ന് ബെഞ്ച് ഉത്തരവിട്ടു.
കുറ്റവിമുക്തരാക്കിയതിനെതിരെ സംസ്ഥാനം നൽകിയ അപ്പീലിൽ മുൻ കുറ്റവാളികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
കേസിൽ ഉൾപ്പെട്ട ചിലർ പാകിസ്താൻ പൗരന്മാരാണെന്ന് തോന്നുന്നുവെന്ന് ജസ്റ്റിസ് സുന്ദരേഷ് ചൂണ്ടിക്കാട്ടിയപ്പോൾ, "അവർ കൃത്യം നടത്തി ഇന്ത്യ വിട്ടുപോയെന്നും, അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു.
കുറ്റം സംശയാതീതമായി സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ "പൂർണ്ണമായും പരാജയപ്പെട്ടു" എന്ന് ബോംബെ ഹൈക്കോടതി കുറച്ചു ദിവസം മുമ്പ് നിഗമനത്തിലെത്തിയിരുന്നു. തുടർന്ന് അഞ്ച് പേർക്ക് വധശിക്ഷയും, ഏഴ് പേർക്ക് ജീവപര്യന്തം തടവും വിധിച്ച 2025ലെ പ്രത്യേക മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മക്കോക്ക) കോടതിയുടെ വിധി റദ്ദാക്കിയിരുന്നു.
2006 ജൂലൈ 11ന്, മുംബൈയിലെ ഏഴ് സബർബൻ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളിൽ വൈകുന്നേരം 6:23നും 6:29നും ഇടയിൽ ഏഴ് ബോംബ് സ്ഫോടന പരമ്പരകൾ നടന്നു. സ്ഫോടനങ്ങളിൽ 187 പേർ മരിക്കുകയും ഏകദേശം 824 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


