കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് സുപ്രീം കോടതി. എന്‍ഡിപിപി-ബിജെപി സഖ്യം ഭരിക്കുന്ന നാഗാലാന്‍ഡിലെ തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാസംവരണം ഇനിയും നടപ്പാക്കാത്തതു ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഭാഗത്തു നിന്നും വിമര്‍ശനം ഉണ്ടായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പോലും സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല, മറ്റു സംസ്ഥാനങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമ്പോഴാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസ്ഥാ ലംഘനങ്ങളില്‍ മൗനം എന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു.
വനിതാ സംവരണം നടപ്പാക്കിയില്ല
നാഗാലാന്‍ഡ് സര്‍ക്കാര്‍ വനിതാ സംവരണം നടപ്പാക്കാത്തതിനെതിരെ പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭരണഘടനയുടെ 243ഡി വകുപ്പു പ്രകാരം 33 ശതമാനം സീറ്റെങ്കിലും വനിതകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണം ചെയ്യണം. എന്നാല്‍ നാഗാലാന്‍ഡില്‍ ഇത് നടപ്പാക്കിയിട്ടില്ല നാഗാലാന്‍ഡ് മുനിസിപ്പല്‍, ടൗണ്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റുകളില്‍ സ്ത്രീ സംവരണം നടപ്പാക്കാന്‍ സുപ്രീം കോടതി ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. സംവരണ കാര്യത്തില്‍ നാഗാലാന്‍ഡിന് ഇളവുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന്, ഇളവില്ലെന്ന് ഇന്നലെയാണ് കേന്ദ്രം കോടതിയെ വാക്കാല്‍ അറിയിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.
എനിക്ക് പറയാന്‍ മടിയില്ല: സഞ്ജയ് കിഷന്‍ കൗള്‍
ഹര്‍ജി പരിഗണിക്കുമ്പോള്‍ രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന അനുസരിക്കുന്നില്ലെന്ന് എന്നെ കൊണ്ട് പറയിപ്പിക്കരുത്, എനിക്കത് പറയാന്‍ മടിയില്ല എന്ന് ജസ്റ്റിസ് കൗള്‍ വ്യക്തമാക്കി. ജസ്റ്റിസ് സുധാംശു ധൂലിയ കൂടി അംഗമായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്വന്തം പാര്‍ട്ടി ഭരിക്കുന്നിടത്ത് സര്‍ക്കാരിന് കൈകഴുകാന്‍ കഴിയില്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ കേന്ദ്രം ഇടപെടണം എന്നും ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കഴിഞ്ഞാല്‍ സുപ്രീംകോടതിയില്‍ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് സഞ്ജയ് കിഷന്‍ കൗള്‍.