
ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാത്ത വിഷയം; കേരളത്തിന്റെ ഹര്‍ജി മെയ് 6ന് സുപ്രീംകോടതി പരിഗണിക്കും
കേരള നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെ വൈകിക്കുന്നതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി മെയ് ആറിന് പരഗിണിക്കും.
കേരളത്തിന്റെ ഗവര്‍ണര്‍ ബില്ലുകള്‍ വൈകിപ്പിക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ കേസിലെ വിധി ബാധകമാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. കേരളത്തിന്റെ കാര്യത്തില്‍ വസ്തുതകള്‍ വ്യത്യസ്തമാണെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറലും സോളിസ്റ്റര്‍ ജനറലും പറഞ്ഞു.
തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ വൈകിപ്പിക്കുന്നതിന് എതിരെയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഗവര്‍ണറും രാഷ്ട്രപതിയും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വേണ്ടി സമയപരിധി നിശ്ചയിച്ചു കൊണ്ട് സുപ്രീംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി കേരളത്തിനും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചത്.
കേരള നിയമസഭ പാസാക്കിയ ബില്ലുകള്‍ മുന്‍ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു മാസങ്ങളായി തീരുമാനമെടുത്തിട്ടില്ല.
2021ലെ സര്‍വകലാശാല നിയമങ്ങള്‍ (ഭേദഗതി) ബില്‍, 2021ലെ സര്‍വകലാശാല നിയമങ്ങള്‍ (ഭേദഗതി 2) ബില്‍, 2022ലെ കേരള സഹകരണ സംഘങ്ങള്‍ (ഭേദഗതി) ബില്‍, 2022ലെ സര്‍വകലാശാല നിയമങ്ങള്‍ (ഭേദഗതി 3) ബില്‍ എന്നിവയാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത്.


