എസ്ഐആർ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
കേരളത്തിന്റെ എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തീവ്ര പുനഃപരിശോധന (എസ്ഐആർ) നീട്ടിവയ്‌ക്കണം എന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഡോ ജയതിലകാണ് കോടതിയെ സമീപിച്ചത്. സർക്കാരിന് പുറമെ രാഷ്ട്രീയ പാർട്ടികളായ സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കോൺഗ്രസ് പാർട്ടികൾ എന്നിവയും വിഷയത്തിൽ ഹർജി നൽകിയിരുന്നു.
എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് നടപടികൾക്ക് 1,76,000 ഉദ്യോഗസ്ഥരെയും 68,000 പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. എസ്ഐആറിനായി 25,668 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇത് സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നമെന്നാണ് ഹർജിയിൽ പറയുന്നത്. എസ്‌ഐആറിനെതിരായ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാമെന്നും, എല്ലാ ഹര്‍ജികളും വെള്ളിയാഴ്ച പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അറിയിച്ചു.


