PHOTO: PTI
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം എന്ന് ഹൈക്കോടതികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി സുപ്രീം കോടതി. ആര്‍ട്ടിക്കിള്‍ 227 പ്രകാരമുള്ള അധികാരമുപയോഗിച്ച് ഇത്തരം കേസുകള്‍ നിരീക്ഷിക്കണം, വധശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണം എന്ന് കോടതി പറഞ്ഞു. കേസുകള്‍ തീര്‍പ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുടനീളം ബാധകമാകുന്ന ഏകീകൃത നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍
*ക്രിമിനല്‍ കേസുകളിലെ തീര്‍പ്പ് നിരീക്ഷിക്കുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്യാം, ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനോ ചീഫ് ജസ്റ്റിസ് നിയോഗിച്ച ബെഞ്ചിനോ സ്വമേധയാ കേസ് പരിഗണിക്കാവുന്നതാണ്.
*കേസുകള്‍ തീര്‍പ്പാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും ഹൈക്കോടതിക്ക് പുറപ്പെടുവിക്കാം.
*കോടതികള്‍ക്ക് കേസുകള്‍ കൈമാറുന്നതിനുള്ള ഉത്തരവാദിത്തം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വഹിക്കണം എന്ന് കോടതിക്ക് ആവശ്യപ്പെടാം.
*വിചാരണ ആരംഭിക്കുന്നതിനായി സ്റ്റേ നീക്കുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാം.
*കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി വെബ്‌സൈറ്റില്‍ പ്രത്യേക ടാബ് ഹൈക്കോടതികള്‍ തയ്യാറാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.