
അസമിലെ കുടിയേറ്റക്കാര്‍ക്കുള്ള പൗരത്വ ആനുകൂല്യങ്ങള്‍ ശരിവെച്ച് സുപ്രീം കോടതി
1966 ജനുവരി 1 നും 1971 മാര്‍ച്ച് 25 നുമിടയില്‍ അസമില്‍ പ്രവേശിച്ച അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വ ആനുകൂല്യങ്ങള്‍ നല്‍കുന്ന സെക്ഷന്‍ 6 എ യുടെ സാധുത 4:1 ഭൂരിപക്ഷത്തില്‍ അംഗീകരിച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. അസമിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ് നിയമം.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റിസുമാരായ സൂര്യകാന്ത്, എം എം സുന്ദ്രേഷ്, മനോജ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പൗരത്വ ആനുകൂല്യങ്ങള്‍ ശരിവെച്ചത്. എന്നാല്‍ ജസ്റ്റിസ് ജെ ബി പര്‍ദിവാല 6 എ വകുപ്പിനോട് വിയോജിക്കുകയും സെക്ഷന്‍ 6 എ ഭരണഘടനാ വിരുദ്ധമാണെന്ന് വാദിക്കുകയും ചെയ്തു.
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനുശേഷം, അവിടെ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ വന്‍തോതിലുള്ള കുത്തൊഴുക്ക് അസമിന്റെ സംസ്‌കാരത്തിനും ജനസംഖ്യാശാസ്ത്രത്തിനും ഉണ്ടാക്കിയ ഭീഷണിക്കുള്ള രാഷ്ട്രീയ പരിഹാരമാണ് സെക്ഷന്‍ 6 എ നിയമമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. അതുപോലെ 1971 മാര്‍ച്ച് 25 നോ അതിനുശേഷമോ ബംഗ്ലാദേശില്‍ നിന്ന് അസമില്‍ പ്രവേശിച്ചവരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കുവാനും അവരെ തിരിച്ചറിഞ്ഞ് നാടുകടത്തണമെന്നും ചന്ദ്രചൂഡ് പറഞ്ഞു.
ഗുവാഹത്തി ആസ്ഥാനമായുള്ള സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനായ അസം സാന്‍മിലിത മഹാസംഘ 2012 ല്‍ സെക്ഷന്‍ 6 എ യെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.


