
ഉത്തർപ്രദേശ് മദ്രസ നിയമത്തിന്റെ സാധുത ശരിവച്ച് സുപ്രീം കോടതി, അലഹബാദ് ഹൈക്കോടതി വിധി അസാധുവാക്കി
ഉത്തർപ്രദേശിൽ 2004 ൽ കൊണ്ടുവന്ന ഉത്തർപ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോർഡ് നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ശരിവച്ചു. നേരത്തെയുള്ള അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട് 2004 (മദ്രസ നിയമം) മാർച്ചിൽ അലഹബാദ് ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇത് മതേതര തത്ത്വങ്ങൾ ലംഘിക്കുന്നുവെന്ന് കാണിച്ചായിരുന്നു ഹൈക്കോടതി നടപടി.
യുപിയിലെ നിയമത്തിന്റെ സാധുത തീരുമാനിക്കുന്നത് വരെ, ഹൈക്കോടതി വിധി ഏപ്രിലിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. മതബോധം നടത്തുമ്പോഴും, മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം സുപ്രീം കോടതി ശരിവച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ വിധി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ളത് പരമാധികാരം അല്ലെന്നും, ഇക്കാര്യത്തിൽ സർക്കാരുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കുകയും, പരീക്ഷ നടത്തുകയും, സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്ന നിയന്ത്രണ സ്വഭാവം യുപിയിലെ മദ്രസ നിയമത്തിനുണ്ട്. ഒപ്പം അതു ന്യൂനപക്ഷ താൽപര്യം സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതി വിലയിരുത്തി.
കാമിൽ, ഫാസിൽ തുടങ്ങിയ ബിരുദങ്ങൾ നൽകാൻ ബോർഡിന് അധികാരം നൽകുന്ന 2004 ലെ നിയമത്തിലെ ചില വ്യവസ്ഥകൾ, 1956ലെ യുജിസി നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.