മീഡിയവൺ സംപ്രേഷണ വിലക്ക് നീക്കി സുപ്രീം കോടതി
മീഡിയവൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. നാലാഴ്ചയ്ക്കകം ചാനലിന് ലൈസൻസ് പുതുക്കി നല്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
മീഡിയവൺ ചാനലിന് സുരക്ഷാ ക്ലിയറൻസ് നിഷേധിക്കാൻ ആവശ്യമായ വസ്തുതകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചിട്ടില്ലെന്ന് പരിഗണിച്ചാണ് വിലക്ക് കോടതി നീക്കിയത്. സർക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകൾ വിമർശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും ശക്തമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമപ്രവർത്തനം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം ജനുവരി 31-നാണ് മീഡിയവണിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ മീഡിയ വൺ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.