TMJ
searchnav-menu
post-thumbnail

രാഹുല്‍ ഗാന്ധി | Photo: PTI

TMJ Daily

രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച് സൂറത്തിലെ കോടതി

23 Mar 2023   |   1 min Read
TMJ News Desk

പകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസ്സില്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ രാന്ധിക്ക് രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുകയാണ് ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ കോടതി. പേരില്‍ 'മോദി' എന്ന് ചേര്‍ത്തിരിക്കുന്ന എല്ലാവരെയും രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയെന്ന, ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണ്ണേഷ് മോദി നല്‍കിയ പരാതിയിലാണ് വിധി. എന്നാല്‍, വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുമുണ്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. അതിനിടെ രാഹുലിന് അപ്പീല്‍ നല്‍കാനാവും.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് കേസ്സിന് ആസ്പദമായ സംഭവം. കര്‍ണാടകയിലെ കോളാറില്‍ പ്രസംഗിക്കവേ, 'എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന തുടര്‍നാമമുള്ളത്' എന്ന് രാഹുല്‍ പറയുകയുണ്ടായി. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട വ്യവസായികളായ നീരവ് മോദി, ലളിത് മോദി എന്നിവരെയും നരേന്ദ്ര മോദിയെയും ചേര്‍ത്തുവച്ചുകൊണ്ടാണ് അത്തരം പരാമര്‍ശം നടത്തിയത്. എന്നാല്‍, രാഷ്ട്രീയ കാമ്പയിനിന്റെ ഭാഗമായി രാഹുല്‍ നടത്തിയ പരാമര്‍ശം, മോദിയെന്ന ജാതിയെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാട്ടിയാണ് പൂര്‍ണ്ണേഷ് മോദി പരാതി നല്‍കിയത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു പരാതി. രണ്ടു വര്‍ഷത്തെ തടവിനോടൊപ്പം 15,000 രൂപ പിഴയുമാണ് വിധിയുടെ ഭാഗമായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മ്മ ചുമത്തിയിരിക്കുന്നത്. വിധി കേള്‍ക്കുന്നതിന് രാഹുല്‍ ഗാന്ധിയും കോടതിയില്‍ സന്നിഹിതനായിരുന്നു. അപ്പീല്‍ നല്‍കുന്ന സമയത്തേക്കുള്ള ജാമ്യവും കോടതിയ നല്‍കിയിട്ടുണ്ട്. 

ഗുജറാത്തിലെ കോടതി വിധിക്കുള്ള മറുപടിയെന്നോണം, മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 'സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം, അഹിംസ അതിലേക്കെത്താനുള്ള മാര്‍ഗ്ഗവും,' രാഹുല്‍ കുറിച്ചു.


#Daily
Leave a comment