സൂറത്ത് രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഹോട്‌സ്‌പോട്ട്
രാജ്യത്ത് സൈബര്‍ ക്രൈം ഹോട്‌സ്‌പോട്ടായി ഗുജറാത്തിലെ സൂറത്ത് മാറുന്നതായി ഫ്യൂച്ചര്‍ ക്രൈം റിസര്‍ച്ച് ഫൗണ്ടേഷന്റെ കണ്ടെത്തല്‍. രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സൂറത്തിലാണ്. സംസ്ഥാനത്തെ മൊത്തം സൈബര്‍ കുറ്റകൃത്യങ്ങളില്‍ 26 ശതമാനവും നടന്നിരിക്കുന്നത് സൂറത്തിലാണെന്ന് ഐഐടി കാണ്‍പൂരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ക്രൈം റിസര്‍ച്ച് ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.
സൂറത്തിനു പുറമെ രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ 83 ചെറുപട്ടണങ്ങളും നഗരങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പഠനത്തില്‍ പറയുന്നു. 2020 മുതല്‍ 2023 ജൂണ്‍ വരെ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
പറ്റിക്കപ്പെട്ടാലും പരാതിയില്ല
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്, ഹാക്കിങ്, ആള്‍മാറാട്ടം എന്നിവയാണ് പ്രധാനമായും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കീഴില്‍ വരുന്നത്. 2022 ല്‍ മാത്രം സൂറത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 371 കേസുകളാണ്. ഇതേവര്‍ഷം അഹമ്മദാബാദില്‍ 261 കേസുകളും ബറോഡയില്‍ 55 കേസുകളും രാജ്‌കോട്ടില്‍ 38 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് റൂറലില്‍ 20 കേസുകളും രാജ്‌കോട്ട് റൂറലില്‍ 13 കേസുകളും സൂറത്ത് റൂറലില്‍ 18 കേസുകളും വഡോദര റൂറലില്‍ 15 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സൈബര്‍ റേഞ്ച് അടിസ്ഥാനത്തില്‍ അഹമ്മദാബാദ് റേഞ്ചില്‍ 35 കേസുകളും രാജ്‌കോട്ടില്‍ മൂന്നും സൂറത്ത്, ബറോഡ റേഞ്ചുകളില്‍ എട്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ വേണ്ടത്ര ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല. തട്ടിപ്പിന് ഇരയായാല്‍ പരാതി നല്‍കാന്‍ പോലും ആളുകള്‍ കൂട്ടാക്കാറില്ല. ജനങ്ങള്‍ക്ക് ബോധവത്കരണത്തിനായി ഒട്ടേറെ കാമ്പയിനുകള്‍ നടത്തുന്നുണ്ടെന്നും സൂറത്ത് സൈബര്‍ ക്രൈംബ്രാഞ്ച് എസിപി യുവരാജ് സിങ് ഗോഹില്‍ പറഞ്ഞു.