
സുരേഷ് ഗോപി സവര്‍ണ ഫാസിസ്റ്റ്: സി കെ ജാനു
ആദിവാസി വകുപ്പ് ഉന്നതകുല ജാതന്‍ കൈകാര്യം ചെയ്യണമെന്ന പ്രസ്താവനയ്‌ക്കെതിരെ ആദിവാസി ഗോത്രമഹാസഭ നേതാവായ സി കെ ജാനു. ബിജെപി നയിക്കുന്ന എന്‍ഡിഎയിലെ ഘടകകക്ഷിയാണ് സി കെ ജാനു.
'അയാളൊരു സവര്‍ണ ഫാസിസ്റ്റ് ആയിട്ടാണ് അയാള്‍ക്കങ്ങനെ സംസാരിക്കാന്‍ പറ്റുന്നത്,' സി കെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'ഈ കാലമത്രയും ഈ കാര്യങ്ങളൊക്കെ നടത്തിയിട്ടുള്ളത് സവര്‍ണരും സവര്‍ണ മനോഭാവമുള്ളവരും തന്നെയാണ്. അതില്‍ നിന്നൊരു വ്യത്യാസമായിട്ടുള്ള ചലനമൊന്നും ഇന്ത്യയില്‍ ഉണ്ടായിട്ടില്ലല്ലോ. വളരെ മോശമായ തരംതാണ വര്‍ത്തമാനമാണ് സുരേഷ് ഗോപി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഏറ്റവും താഴെത്തട്ടിലുള്ള ആദിവാസികള്‍ ഉയര്‍ന്നുവന്ന് അവരുടെ ഉന്നമനത്തിനുവേണ്ടി അവര്‍ പ്രവര്‍ത്തിച്ചാല്‍ വിഹിതം കിട്ടുന്നത് ഇല്ലാതായിപ്പോകുമെന്ന് ഇവരൊക്കെ ഭയക്കുന്നുണ്ടോ? ഏറ്റവും താഴെത്തട്ടിലുള്ള ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നുള്ളത് ജനാധിപത്യ മര്യാദയാണ്,' സി കെ ജാനു പറഞ്ഞു.
ഇത്രയും കാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലായിട്ടില്ലെന്നും സവര്‍ണരുടെ കൈയിലേക്ക് വീണ്ടും അധികാരം പോകണമെന്ന ആവശ്യം മനസ്സിലാകുന്നില്ലെന്നും സി കെ ജാനു പറഞ്ഞു.
വംശീയമായി തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പിന്നോക്കക്കാര്‍ മുന്നോട്ട് വരരുതെന്ന് സുരേഷ് ഗോപിയുടെ വാക്കുകളില്‍ ധ്വനിയുണ്ടെന്നും കേന്ദ്രമന്ത്രിയായ ഒരാള്‍ ഇത്തരം നിലപാട് പറയുന്നത് ലാഘവത്തോടെ കാണാനാകില്ലെന്നും ജാനു പറഞ്ഞു.
ഇന്ത്യയില്‍ ആദിവാസി വകുപ്പ് ബ്രാഹ്‌മണനോ നായിഡുവോ കൈകാര്യം ചെയ്താല്‍ അവരുടെ കാര്യത്തില്‍ ഉന്നതി ഉണ്ടാകുമെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രസ്താവിച്ചിരുന്നു. തനിക്ക് ആ വകുപ്പ് വേണമെന്ന ആഗ്രഹമുണ്ടെന്നും പ്രധാനമന്ത്രിയെ അക്കാര്യം അറിയിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. വിവാദമായപ്പോള്‍ പ്രസ്താവന പിന്‍വലിച്ചു.