
ലൂര്‍ദ് മാതാവിന് 10 ലക്ഷത്തിന്റെ സ്വര്‍ണം നേര്‍ച്ച നല്‍കുമെന്ന് സുരേഷ് ഗോപി
ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം സ്വര്‍ണം പൂശിയ ചെമ്പാണെന്ന വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി. തൃശൂരില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച നല്‍കുമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. സുരേഷ് ഗോപി നല്‍കിയ കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്നും ഇത് പരിശോധിക്കണമെന്നും ഇടവക യോഗത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലറടക്കം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ പ്രതികരണം.
ജനുവരി 15 നായിരുന്നു സുരേഷ് ഗോപിയും കുടുംബവും ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയിലെത്തി കിരീടം സമര്‍പ്പിക്കുന്നത്. സംഭവത്തില്‍ വിരോധം സൃഷ്ടിക്കാന്‍ വര്‍ഗീയത ഉപയോഗിക്കുകയാണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. നേര്‍ച്ച വിളിച്ചു പറയേണ്ട സാഹചര്യങ്ങളിലേക്ക് തന്നെ എത്തിച്ചതാണെന്നും സുരേഷ് ഗോപിയുടെ പ്രതികരിച്ചു.
നടക്കുന്നത് വര്‍ഗീയ പ്രചാരണമാണെന്നും തന്റെ ത്രാണിക്കനുസരിച്ചാണ് നേര്‍ച്ച നല്‍കിയതെന്നും വിഷയത്തില്‍ സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ലൂര്‍ദ് ഇടവക പ്രതിനിധി യോഗത്തില്‍ കൗണ്‍സിലര്‍ ലീല വര്‍ഗീസാണ് കിരീടം പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പരിശോധനക്കായി അന്വേഷണ കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. പള്ളി വികാരി ഉള്‍പ്പെടെ അഞ്ചംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.