TMJ
searchnav-menu
post-thumbnail

TMJ Daily

ഗാസയില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെ

08 Nov 2023   |   1 min Read
TMJ News Desk

സ്രയേല്‍ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്ന ഗാസയിലെ ജനങ്ങള്‍ നേരിടുന്നത് ഭീകരമായ അവസ്ഥ. അനസ്‌തേഷ്യ നല്‍കാതെയാണ് അവയവ നീക്കം ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ ഗാസയില്‍ നടക്കുന്നത്. സാധാരണക്കാര്‍ നേരിടുന്ന ഈ ഭീകരാവസ്ഥയെ ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല ഗാസയിലുടനീളമുള്ള എല്ലാ ആശുപത്രികളിലും അനസ്‌തേഷ്യയില്ലാതെ ശസ്ത്രക്രിയകള്‍ നടത്തേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നത്. വെള്ളം, ഭക്ഷണം, ഇന്ധനം ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്യുന്നതിന് തടസ്സം നിലനില്‍ക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്ത്യന്‍ ലിന്‍ഡമീയര്‍ പറഞ്ഞു.

തുടര്‍ക്കഥയാവുന്ന നിയമലംഘനങ്ങള്‍

ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഗാസയില്‍ പതിനായിരത്തിലധികം മനുഷ്യരാണ് കൊല്ലപ്പെട്ടത്. യുദ്ധനിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരും കൊല്ലപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. ഗാസയില്‍ മരുന്നുള്‍പ്പെടെയുള്ളവ വിതരണം ചെയ്യുന്നതിനിടെ റെഡ്‌ക്രോസ് സംഘത്തിനു നേരെയും ആക്രമണമുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കു നേരെയും ഇസ്രയേല്‍ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഗാസയുടെ സുരക്ഷാ നിയന്ത്രണം ഏറ്റെടുക്കും: നെതന്യാഹു

ഹമാസിനെ നശിപ്പിക്കാതെ യുദ്ധത്തില്‍ നിന്നും പിന്മാറില്ലെന്നാണ് ഈ സാഹചര്യത്തിലും ഇസ്രയേല്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്. യുദ്ധം അവസാനിച്ച ശേഷം ഗാസയുടെ പൂര്‍ണമായ സുരക്ഷ ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 'ഗാസയില്‍ സമ്പൂര്‍ണ സുരക്ഷാനിയന്ത്രണം വീണ്ടെടുക്കുന്നത് വരെ യുദ്ധം തുടരും. അനിശ്ചിതകാലത്തേക്ക് ഗാസയുടെ സുരക്ഷാ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുക്കും. അല്ലെങ്കില്‍ സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത രീതിയില്‍ ഹമാസ് ഭീകരതയുടെ പൊട്ടിത്തെറി ഉണ്ടാകും' എന്ന് നെതന്യാഹു ബിബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

#Daily
Leave a comment