
സുശാന്ത് സിങിന്റെ മരണം; റിയ ചക്രവര്‍ത്തിക്ക് പങ്കില്ലെന്ന് സിബിഐ
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുശാന്ത് ആത്മഹത്യ ചെയ്തതാണെന്ന് മുംബൈയിലെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. 2020ല്‍ ആണ് സുശാന്ത് മരിച്ചത്.
2020 ജൂണ്‍ 14ന് ആണ് സുശാന്തിനെ മുംബൈയിലെ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് ലോക്കല്‍ പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, സുശാന്തിന്റെ മുന്‍ ലിവ്-ഇന്‍ പങ്കാളിയും അഭിനേത്രിയുമായ റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിച്ച് അദ്ദേഹത്തിന്റെ വീട്ടുകാര്‍ ബീഹാര്‍ പൊലീസില്‍ പരാതി നല്‍കി. ഈ ആരോപണം റിയ നിഷേധിച്ചിരുന്നു.
രണ്ട് കേസുകളിലെ അന്വേഷണങ്ങളാണ് സിബിഐ അവസാനിപ്പിച്ചത്. റിയക്കെതിരെ സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയിന്മേലുള്ള കേസും സുശാന്തിന്റെ സഹോദരിമാര്‍ വ്യാജ കുറിപ്പടി ഉപയോഗിച്ച് അദ്ദേഹത്തിന് മരുന്നുകള്‍ നല്‍കിയെന്നുള്ള റിയയുടെ ആരോപണത്തിന്മേലുള്ള കേസും ആണ് സിബിഐ അന്വേഷണം അവസാനിപ്പിച്ചത്.
ആദ്യത്തെ കേസിലെ റിപ്പോര്‍ട്ട് പട്‌നയിലെ കോടതിയിലും രണ്ടാമത്തേത്. മുംബൈയിലും ആണ് സമര്‍പ്പിച്ചത്.
കേസ് അന്വേഷണം അവസാനിപ്പിക്കണമോ അതോ തുടരന്വേഷണത്തിന് ഉത്തരവിടണമോയെന്ന് കോടതികള്‍ തീരുമാനിക്കും.
സിബിഐ എല്ലാ വശങ്ങളും പരിശോധിച്ചതില്‍ സന്തോഷമുണ്ടെന്ന് റിയയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെ പറഞ്ഞു. നിഷ്‌കളങ്കരായ വ്യക്തികള്‍ വേട്ടയാടപ്പെട്ടു. മാധ്യമങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും മുമ്പാകെ പരേഡ് ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസില്‍ റിയ 27 ദിവസം ജയില്‍ വാസം അനുഭവിച്ചിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടു.


