TMJ
searchnav-menu
post-thumbnail

TMJ Daily

വിഷബാധയെന്ന് സംശയം; രണ്ട് ദിവസങ്ങളിലായി മധ്യപ്രദേശിലെ കടുവ സങ്കേതത്തില്‍ ഏഴ് ആനകള്‍ മരണപ്പെട്ടു

30 Oct 2024   |   1 min Read
TMJ News Desk

ധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തില്‍ (ബിടിആര്‍) മൂന്ന് ആനകളെ മരിച്ച നിലയില്‍ കണ്ടെത്തി. അവശനിലയില്‍ കണ്ടെത്തിയ ആനകളില്‍ മൂന്നെണ്ണം ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചികിത്സയിലുള്ള രണ്ട് ആനകളുടെ നില ഗുരുതരമായി തുടരുകയാണ്. ബാന്ധവ്ഗഡ്, സഞ്ജയ് ടൈഗര്‍ റിസര്‍വ്, കട്നി, ഉമരിയ, സ്‌കൂള്‍ ഓഫ് വൈല്‍ഡ് ലൈഫ് ഫോറന്‍സിക് ആന്‍ഡ് ഹെല്‍ത്ത് ജബല്‍പൂര്‍ എന്നിവിടങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാരാണ് ആനകളെ ചികിത്സിക്കുന്നത്.

കഴിഞ്ഞ ദിവസം ഖിതൗലിയിലെ സലാഖനിയ ബീറ്റിലും, പടൗര്‍ കോര്‍ റേഞ്ചുകളിലും നാല് കാട്ടാനകളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ആനകളുടെ മരണസംഖ്യ ഏഴായി ഉയര്‍ന്നു. വിഷ ബാധയേറ്റതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തുന്നത്. കൂടുതല്‍ അന്വേഷണത്തിനായി ഡല്‍ഹിയിലെ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ (എന്‍ടിസിഎ) സംഘം ബാന്ധവ്ഗഡിലെത്തി. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ( എസ്ടിഎഫ് ) സംഘം അഞ്ച് കിലോമീറ്റര്‍ പ്രദേശത്ത് അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമീപത്തെ വയലുകളും കുളങ്ങളും ജലാശയങ്ങളും ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളും സംഘം പരിശോധിക്കും.

എട്ട് ഡോക്ടര്‍മാരുടെ സംഘമാണ് ആനകളുടെ പോസ്റ്റ്മോര്‍ട്ടം  നടത്തുന്നത്. ആനകളെ സംസ്‌കരിക്കാനായി, രണ്ട് ജെസിബികളുടെ സഹായത്തോടെയാണ് കുഴികളെടുക്കുന്നതെന്ന് ബിടിആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രകാശ് വര്‍മ പറഞ്ഞു. യഥാക്രമം ഖിതൗലിയിലെ സലാഖനിയ ബീറ്റിലും, പടൗര്‍ കോര്‍ റേഞ്ചുകളിലും 100-200 മീറ്റര്‍ ദൂരത്തിലാണ് നാല് കാട്ടാനകളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (പിസിസിഎഫ്) വിജയ് എന്‍ അംബഡെ പറഞ്ഞു.

പാര്‍ക്ക് മാനേജര്‍മാര്‍ക്കും, വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും, ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII) യിലെ വിദഗ്ധര്‍ സ്ഥിരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ആനകളുടെ മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


#Daily
Leave a comment