
ഇന്ത്യ ലോക വ്യാപാര സംഘടനാ കരാറുകളില്‍ നിന്നും പിന്‍മാറണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്
യുഎസിന്റെ പകരത്തീരുവയുടെ വെളിച്ചത്തില്‍ 'ചൂഷകസ്വഭാവമുള്ള' ലോക വ്യാപാര സംഘടനയുടെ കരാറുകളില്‍നിന്നും ഇന്ത്യ പിന്‍മാറണമെന്ന് ആര്‍എസ്എസില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വദേശി ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു. ബിജെപിയുടേയും ആശയമാതാവാണ് ആര്‍എസ്എസ്.
ലോക രാജ്യങ്ങളുടെ മേല്‍ ചുമത്തുന്ന പകരത്തീരുവ നിരക്കുകള്‍ ഏപ്രില്‍ രണ്ടിനാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മേല്‍ 26 ശതമാനം തീരുവയാണ് ചുമത്തിയത്. ഇത് ബുധനാഴ്ച്ച നിലവില്‍ വരും.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക ചരക്കുകളുടേയും മേല്‍ ട്രംപ് 10 ശതമാനം മിനിമം തീരുവ പ്രഖ്യാപിച്ചുന്നു. അത് ശനിയാഴ്ച്ച നിലവില്‍ വരികയും ചെയ്തു. എല്ലാ വിദേശ നിര്‍മ്മിത വാഹനങ്ങളുടേയുംമേല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത് ഏപ്രില്‍ മൂന്നിന് നിലവില്‍ വന്നിരുന്നു.
ട്രംപ് ഭരണകൂടം ഏകപക്ഷീയമായി ചുമത്തിയ തീരുവകള്‍ ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളെ ലംഘിച്ചുവെന്ന് മഞ്ചിന്റെ ദേശീയ കോ-കണ്‍വീനര്‍ അശ്വനി മഹാജന്‍ പറഞ്ഞു.
യുഎസ് ഡബ്ല്യുടിഒയെ അവഗണിക്കുന്നതിനാല്‍ ട്രിപ്‌സ്, ട്രിംസ്, ഗാറ്റ് തുടങ്ങിയ കരാറുകളെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാനുള്ള സമയമാണിതെന്ന് മഹാജന്‍ പറഞ്ഞു.