
അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ബാധിക്കില്ലെന്ന് സ്വരാജും അടൂര്‍ പ്രകാശും
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുമായി പിണങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് ബാനറില്‍ മത്സരിക്കുന്ന മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ബാധിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പറഞ്ഞു.
ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും ഒരു വോട്ടര്‍ എന്ന നിലയില്‍ അതെല്ലാവരുടേയും അവകാശമാണെന്നും സ്വരാജ് പറഞ്ഞു. മത്സരരംഗത്തേക്ക് കടന്നുവരുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെ മത്സരിക്കട്ടെയെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ ആത്മവിശ്വാസം ആകാശത്തോളമുണ്ടെന്നും ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള യാത്രയ്ക്ക് വലിയ പ്രചാരണം നല്‍കിയിരുന്നില്ലെങ്കിലും ഓരോ സ്‌റ്റേഷനിലും ആളുകള്‍ ആശംസ അറിയിക്കാനെത്തിയെന്ന് സ്വരാജ് പറഞ്ഞു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പുറമേയും ആളുകളുണ്ടായിരുന്നുവെന്നും ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിനെ ബാധിക്കില്ലെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് അത് എല്‍ഡിഎഫിനെയാകും ബാധിക്കുകയെന്ന് പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.


