PHOTO: ICC
അഹമ്മദാബാദില്‍ കിവികളുടെ മധുരപ്രതികാരം
ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ കൈകളിലൂടെ ലോകകപ്പ് ട്രോഫി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയപ്പോള്‍ ഏകദിന ലോകകപ്പിന്റെ മറ്റൊരു എഡിഷന് കൂടി അരങ്ങുണര്‍ന്നു. ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമായപ്പോള്‍ തീര്‍ന്നത് ഒരു പ്രതികാരം കൂടിയാണ്. ക്രിക്കറ്റ് ലോകകപ്പിന്റെ കഴിഞ്ഞ എഡിഷനിലെ ഫൈനലില്‍ ഇംഗ്ലണ്ടിനോട് സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ട് പോയ ന്യൂസിലന്‍ഡിന്റെ പ്രതികാരം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിനോളം വില ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇല്ലെങ്കിലും ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ നേടിയ മികച്ച വിജയം കിവികള്‍ക്ക് ഊര്‍ജ്ജമാവും. ഇന്ന് നടക്കാനിരിക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ശക്തരായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും.
അപ്രതീക്ഷിതം രചിന്‍
പകരക്കാരന്റെ റോളില്‍ ന്യൂസിലന്‍ഡ് ടീമിലേക്കെത്തിയ രചിന്‍ രവീന്ദ്ര എന്ന ഇന്ത്യന്‍ വംശജന്റെ മനോഹരമായ ഇന്നിംഗ്സിന്റെ ബലത്തിലാണ് കിവികള്‍ ഇംഗ്ലണ്ടിനെതിരെ മിന്നുന്ന വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറില്‍ 282 റണ്‍സ് എടുത്തപ്പോള്‍ ന്യൂസിലന്‍ഡ് 37-ാം ഓവറില്‍ ലക്ഷ്യം മറികടന്നു. മറുപടി ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിന് തുടക്കം തന്നെ ഓപ്പണര്‍ വില്‍ യങ്ങിനെ നഷ്ടമായെങ്കിലും ഡെവണ്‍ കോണ്‍വേയും (121 പന്തില്‍ 152) രചിന്‍ രവീന്ദ്രയും (96 പന്തില്‍ 123) നടത്തിയ വെടിക്കെട്ട് പ്രകടനത്തിലൂടെ അനായാസം അവര്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇടംകൈ സ്പിന്നറായി കിവീസ് ടീമിലേക്കെത്തിയ രചിന്‍ നെറ്റ്സില്‍ ബാറ്റിംഗിലും മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പരിശീലകന്‍ ഗാരി സ്റ്റെഡ് രചിനെ ടോപ് ഓര്‍ഡറില്‍ പരീക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ ലോകകപ്പിലെ തന്നെ ഏറ്റവും വലിയ ആകര്‍ഷണമായി മാറാന്‍ ഗാരി സ്റ്റെഡിന്റെ പരീക്ഷണത്തിനാവും എന്ന് തെളിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിനെതിരായുള്ള മത്സരത്തിലൂടെ രചിന്‍. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ തിരിച്ച് ടീമിലേക്കെത്തിയാല്‍ ഡെവണ്‍ കോണ്‍വേയുടെ കൂട്ടാളിയായി രചിനെ ഓപ്പണിങ്ങിലേക്കും പരിഗണിച്ചേക്കം. കോണ്‍വേയുടെ കൂടെ ഇപ്പോള്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്ന വില്‍ യങ്ങ് അത്ര നല്ല ഫോമിലല്ലാത്തതും ഇതിന് സാധ്യത കൂട്ടും. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പുറമേ തങ്ങളുടെ നെറ്റ് റണ്‍ റേറ്റ് കുത്തനെ കുറഞ്ഞത് ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ പ്രവേശനത്തിന് മങ്ങലേല്‍പ്പിക്കുന്നുമുണ്ട്.
പാകിസ്ഥാന് ഡച്ച് പരീക്ഷണം
ഇന്ന് നടക്കുന്ന ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ പാകിസ്ഥാന്‍ നെതര്‍ലന്‍ഡ്സിനെ നേരിടും. കളിയുടെ എല്ലാ തലത്തിലും നെതര്‍ലന്‍ഡ്സിനേക്കാള്‍ മികച്ച് നില്‍ക്കുന്ന ടീമാണ് പാകിസ്ഥാന്‍. എങ്കിലും മത്സരം ഇന്ത്യയില്‍ നടക്കുന്നത് കൊണ്ടുതന്നെ കാണികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമ്മര്‍ദ്ദം ബാബറിനും ടീമിനും അതിജീവിക്കേണ്ടതുണ്ട്. ലോകകപ്പിലെ തന്നെ മികച്ച സ്‌ക്വാഡുകളില്‍ ഒന്നാണെങ്കില്‍പ്പോലും അത്ര മികച്ചതല്ല പാക് പടയുടെ സമീപകാല പ്രകടനം. ഏഷ്യ കപ്പ് ഫൈനലില്‍ എത്താതെ പോയതിന്റെയും ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും പരാജയപ്പെട്ടതിന്റെയും ക്ഷീണം പാക് പടയ്ക്കുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ബാറ്റിംഗ് നിര പാകിസ്ഥാന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും തിളങ്ങാതെ പോയ ബൗളിങ്ങ് നിര ടീമിന് തലവേദനയാണ്.