
സിഡ്‌നി ടെസ്റ്റ്: രോഹിതിന് വിശ്രമം; ബുംറ ഇന്ത്യയെ നയിക്കും
ഓസ്ട്രേലിയക്ക് എതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. പകരം ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. നാളെയാണ് സിഡ്‌സി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അഞ്ചാം മത്സരം ആരംഭിക്കുന്നത്.
വിശ്രമിക്കാനുള്ള ആഗ്രഹം രോഹിത് ശര്‍മ്മ തന്നെയാണ് പരിശീലകന്‍ ഗൗതം ഗംഭീറിനേയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറേയും അറിയിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും രോഹിത് വിരമിക്കണമെന്ന ആവശ്യം ഉയരുന്നതിന് ഇടയിലാണ് സിഡ്‌നി ടെസ്റ്റില്‍ അദ്ദേഹം കളിക്കാതിരിക്കുന്നത്. മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റ് ആകും അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ മത്സരം എന്നാണ് സൂചന. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള സാധ്യത വളരെ കുറവ് ആയതിനാല്‍ അദ്ദേഹം വിരമിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
മെല്‍ബണ്‍ ടെസ്റ്റില്‍ പുറത്തിരുന്ന ശുഭ്മന്‍ ഗില്‍ രോഹിതിന് പകരം ടീമിലെത്തും. അദ്ദേഹം മൂന്നാം നമ്പറായി ബാറ്റിങ്ങിന് ഇറങ്ങും. കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. റിഷഭ് പന്ത് ടീമില്‍ സ്ഥാനം നിലനിര്‍ത്തുമ്പോള്‍ പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണ കളിക്കും.
ഇന്ന് പരിശീലനത്തിന് ഇടയില്‍ ഗംഭീര്‍ ബുംറയോട് ദീര്‍ഘമായി സംസാരിക്കുന്നത് കാണമായിരുന്നു. അതേസമയം, രോഹിത് കുറച്ചു നേരം നെറ്റ്‌സില്‍ പരിശീലനം നടത്തി.
കഴിഞ്ഞ ഒമ്പത് ടെസ്റ്റ് മത്സരങ്ങളിൽ രോഹിതിന്റെ ബാറ്റിങ് ശരാശരി 10.93 റണ്‍സ് ആണ്. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ മൂന്ന് ടെസ്റ്റുകളില്‍ വെറും 6.2 റണ്‍സ് മാത്രവും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ബുംറയുടെ നേതൃത്വത്തില്‍ ഒന്നാം ടെസ്റ്റ് വിജയിച്ചിരുന്നു.


