TMJ
searchnav-menu
post-thumbnail

കർദിനാൾ മാർ ജോർജ് ആലഞ്ചേരി

TMJ Daily

സിനഡിന് തുടക്കം; നിവേദനമയച്ച് അതിരൂപത സംരക്ഷണ സമിതി

12 Jun 2023   |   2 min Read
TMJ News Desk

റണാകുളം-അങ്കമാലി അതിരൂപതയും സിറോ മലബാർ സഭയും തമ്മിലുള്ള തർക്ക വിഷയങ്ങളിൽ പരിഹാരം തേടിയുള്ള അടിയന്തിര സിനഡ് തുടങ്ങി. കാക്കനാട് മൗണ്ട് സെയിന്റ് തോമസിലാണ് സമ്മേളനം നടക്കുന്നത്. 65 ബിഷപ്പുമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസമാണ് സിനഡ് നടക്കുക. വത്തിക്കാനിൽ നടത്തിയ ചർച്ചയിൽ ഉയർന്നു വന്ന നിർദ്ദേശങ്ങളാണ് അഞ്ചുദിവസത്തെ ചർച്ചയിലെ വിഷയം. പല കാരണങ്ങൾ കൊണ്ടും സഭാ നേതൃത്വവും അതിരൂപതയിലെ വൈദീകരും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും തർക്കവും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന സിനഡ് പ്രധാനപ്പെട്ടതാണ്.

ജനാഭിമുഖ കുർബാനയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ല

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതിയിലെ 49 അംഗങ്ങൾ ഒപ്പിട്ട നിവേദനം സ്‌പെഷ്യൽ സിനഡിന് അയച്ചു. ജനാഭിമുഖ കുർബാനയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ല എന്നാണ് നിവേദനത്തിൽ പറയുന്നത്. സീറോ മലബാർ സഭയുടെ ആസ്ഥാന അതിരൂപതയിലെ ലിറ്റർജി വിഷയങ്ങൾ സങ്കീർണമാക്കി സമാധാനവും സന്തോഷവും നശിപ്പിച്ച സിനഡ് തന്നെ അതിരൂപതയുടെ വിഷയങ്ങൾക്ക് പരിഹാരം കാണാൻ കൂടുമ്പോൾ അതിരൂപതയിലെ കാനോനിക സമിതികളെയും വൈദികരെയും വിശ്വാസികളെയും ശ്രവിക്കാൻ കൂട്ടാക്കാത്തതിനെ അതിശക്തമായി അപലപിച്ചുകൊണ്ടാണ് വൈദിക സമിതി അംഗങ്ങൾ നിവേദനം നല്കിയിരിക്കുന്നത്. 

2021 ൽ സിനഡിന്റെ നടപടി ക്രമങ്ങൾ പാലിക്കാതെയും മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചും, കൂട്ടത്തിലുള്ള മെത്രാന്മാരുടെ അഭിപ്രായങ്ങളെ പോലും കണക്കിലെടുക്കാതെയും എടുത്ത കുർബാന അർപ്പണ രീതിയിലെ 50-50 ഫോർമുല സിനഡ് തന്നെ തിരുത്താത്തിടത്തോളം കാലം അതിരൂപതയിൽ ജനാഭിമുഖ കുർബാന മാത്രമായിരിക്കും ചൊല്ലുന്നത് എന്ന് സമിതി അംഗങ്ങൾ വ്യക്തമാക്കി. സെപ്ഷ്യൽ സിനഡിന് മുമ്പ് അതിരൂപതയിലെ 16 ഫൊറോനകളിലും ചേർന്ന ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വിശ്വാസികളുടെ കൂട്ടായ്മകൾ ഒരേ ശബ്ദത്തിൽ ആവശ്യപ്പെട്ടതും ജനാഭിമുഖ കുർബാന തന്നെയാണ്. ഈ കാര്യത്തിൽ സിനഡ് മറിച്ചൊരു തീരുമാനമെടുത്താൽ അത് അതിരൂപതയിൽ നടക്കാൻ പോകുന്നില്ല. സീറോ-മലബാർ സഭ ഒരു വ്യക്തി സഭ എന്ന നിലയ്ക്ക് ആരാധനക്രമ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് സിനഡാണ്. എറണാകുളം അതിരൂപതയിലെ ജീവിത സാഹചര്യവും സംസ്‌കാരവും കണക്കിലെടുത്ത് ഇവിടെത്തെ വിശ്വാസികൾ കഴിഞ്ഞ 60 വർഷങ്ങളായി ചൊല്ലിവരുന്ന ജനാഭിമുഖ കുർബാനയാണ് ഇവിടുത്തെ വിശ്വാസികൾക്ക് ഹിതകരം. അങ്ങനെയൊരു രൂപതയ്ക്ക് ആരാധന സ്വാതന്ത്ര്യം നല്കാൻ സിനഡിന് അധികാരവുമുണ്ട്. എന്നിട്ടും ധാർഷ്ട്യത്തോടെ അതിരൂപതയുടെ മേൽ കാലഹരണപ്പെട്ട അൾത്താരാഭിമുഖ കുർബാന അടിച്ചേല്പിച്ചാൽ അത് ഇവിടെ യാതൊരു കാരണവശാലും നടപ്പിലാകുകയില്ലെന്ന് അതിരൂപത സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പ്രസ്താവിച്ചു.

ആലഞ്ചേരിയും കത്തോലിക്കാസഭയും

തുടർച്ചയായി വിവാദങ്ങളിൽപ്പെടുന്ന മതമേലദ്ധ്യക്ഷനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കാക്കനാട്, മരട് എന്നിവിടങ്ങളിലെ ഭൂമി വിൽപനയിൽ ക്രമക്കേട് നടത്തി സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ആലഞ്ചേരിക്കെതിരെ രൂക്ഷമാകുന്ന ആരോപണം. കേസിൽ ആലഞ്ചേരി അടക്കം 24 പേരാണ് പ്രതികളായി ഉള്ളത്. ഭൂമി കച്ചവടത്തിൽ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇഡി കേസെടുത്തിരിക്കുന്നത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അടുത്തിടെയാണ് ഭൂമിയിടപാട് സംബന്ധിച്ച കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജികൾ സുപ്രീംകോടതി തള്ളിയത്. കേസിൽ നടപടികൾ തുടരാനായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. കേസുകൾ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പള്ളി ഭൂമികൾ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവിൽ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരെ സിറോ മലങ്കര സഭയുടെ ബത്തേരി രൂപതയും, സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയും ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഏകീകൃത കുർബാനയുടെ പേരിൽ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ സെന്റ് മേരീസ് ബസിലിക്കയ്ക്ക് മുന്നിൽ നടന്ന സംഘർഷങ്ങളും ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇക്കാരണങ്ങൾകൊണ്ടുതന്നെ കത്തോലിക്കാ സഭയിലെ വലിയ വിഭാഗം വിശ്വാസികൾ ആലഞ്ചേരിക്കെതിരെ രംഗത്തുണ്ട്.


#Daily
Leave a comment