
വഞ്ചനയുടെ പര്യായം; വീണ്ടും വില്ലൻ റോളിൽ എൻ പ്രശാന്ത് ഐഎഎസിനെതിരെ മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മ
ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള കുടിപ്പക പോര് മുറുകുമ്പോൾ ഐഎഎസ് ഉദ്യോഗസ്ഥനായ എൻ പ്രശാന്തിനെതിരെ കടുത്ത പരാമർശങ്ങളുമായി മുൻമന്ത്രിയും, സിപിഎം നേതാവുമായ ജെ മേഴ്സിക്കുട്ടിമ്മ. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തെ അനുഭവങ്ങളെ കുറിച്ചു പറഞ്ഞു കൊണ്ടാണ് അവർ കലക്ടർ ബ്രോ എന്നും പ്രശാന്ത് നായർ എന്നും അറിയപ്പെടുന്ന എൻ പ്രശാന്ത് ഐഎഎസിനെതിരെ ആഞ്ഞടിച്ചത്.
പ്രശാന്ത് ഐഎഎസ് എല്ലാ സർവീസ് ചട്ടങ്ങളും, സാമാന്യ മര്യാദകളും ലംഘിച്ച് പ്രവർത്തിക്കുന്നതിന്റെ വാർത്തകൾ ആണ് ഇന്ന് കേരളം കാണുന്നത്. എന്നാൽ, രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിക്കുന്നതായാണ് 2021 ഫെബ്രുവരി മാസത്തിൽ കണ്ടതെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. 2021 ഫെബ്രുവരിയിൽ കോൺഗ്രസിന്റെ രാഷ്ട്രീയ പ്രചാരണ ജാഥ കൊല്ലത്ത് എത്തിയപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു വെടി പൊട്ടിക്കുന്നു. 5000 കോടിയുടെ ആഴക്കടൽ ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് അനുമതി നൽകിയെന്ന്.
വാർത്ത വിവാദമായി. പത്രപ്രതിനിധികൾ ഫിഷറീസ് മന്ത്രിയെന്ന നിലയിൽ തന്നോട് ഇതേ കുറിച്ച് ചോദിച്ചു. ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും തികച്ചും അടിസ്ഥാന രഹിതമാണ് എന്നും മറുപടി നൽകി. അടുത്ത ദിവസം രമേശ് ചെന്നിത്തല ഒരു അമേരിക്കൻ മലയാളിയുമായി 5000 കോടിയുടെ എംഒയു ഒപ്പുവെച്ചതിന്റെ രേഖ പുറത്തുവിടുന്നു. ഒരു കാര്യം അതിൽ ബോധപൂർവ്വം മറച്ചുവെച്ചിരുന്നു.
രമേശ് ചെന്നിത്തല ആരോപിച്ചത് ഫിഷറീസ് വകുപ്പ് എംഒയുവിൽ ഒപ്പുവച്ചു എന്നാണ്. എന്നാൽ എംഒയു ഒപ്പു വച്ചിരിക്കുന്നത് ഇൻലാൻഡ് നാവിഗേഷന്റെ എംഡിയായ പ്രശാന്തുമായിട്ടാണ്, അതായത് ഇപ്പോഴത്തെ വിവാദനായകൻ.
ഇവിടെയാണ് ഗൂഢാലോചനയുടെ ചുരുളഴിയുന്നത്, രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നയാളാണ് പ്രശാന്ത്. രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് "ആഴക്കടൽ" വിൽപ്പന എന്ന 'തിരക്കഥ'. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശ മണ്ഡലങ്ങൾ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നും മുൻമന്ത്രി പറഞ്ഞു.
ആഴക്കടൽ ട്രോളറുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ഗൂഢാലോചന മനസ്സിലാകുന്നത്. വ്യവസായ വകുപ്പ് കൊച്ചിയിൽ നിക്ഷേപ സംഗമം നടത്തിയിരുന്നു. അവിടെ വന്ന ചില വികസന പദ്ധതികൾ എന്ന വ്യാജേനയാണ്, വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇൻലാൻഡ് നാവിഗേഷൻ എംഡി, 5000 കോടി രൂപയുടെ വികസന പദ്ധതി ഇഎംസിസി യുമായി എംഒയു ഒപ്പ് വെക്കുന്നത്. അതും ആ ഗവൺമെന്റിന്റെ അവസാന ദിവസങ്ങളിൽ. ഇതേ ഇഎംസി സിക്കാരനാണ് കുണ്ടറയിൽ തനിക്കെതിരെ മത്സരിച്ച ഒരു സ്ഥാനാർത്ഥി. ഈ സ്ഥാനാർത്ഥിയെ നിർത്തിയതിനു പിന്നിൽ ദല്ലാൾ നന്ദകുമാറും. തിരഞ്ഞെടുപ്പിന്റെ അന്ന് ബോംബ് സ്ഫോടന നാടകവും അരങ്ങേറി. എന്തെല്ലാമാണ് കണ്ടത്! ഈ തിരക്കഥയുടെ എല്ലാം ചുക്കാൻ പിടിച്ചത് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്താണെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു.
ഫിഷറീസ് ഡിപ്പാർട്മെന്റിന് ഒരു ബന്ധവുമില്ലാത്ത, ഫിഷറീസ് വകുപ്പ് അറിയാത്ത ഒരു കാര്യം ഫിഷറീസ് മന്ത്രി കടൽ വിറ്റുവെന്ന് നെറിയില്ലാത്ത ആക്ഷേപം അരങ്ങേറി. സത്യവുമായി പുലബന്ധം പോലുമില്ലാത്ത രാഷ്ട്രീയമായ ദുഷ്ടലാക്ക് മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള നുണ പ്രചാരണമായിരുന്നു അത്. രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിനും വേണ്ടി വിടുപണി ചെയ്ത പ്രശാന്ത് ഐഎഎസ് വീണ്ടും വില്ലൻ റോളിലെന്ന് അവർ പറഞ്ഞു.
താൻ ചെയർമാനായിരുന്ന എസ് സി, എസ് ടി വകുപ്പിനു കീഴിലുള്ള 'ഉന്നതി'യുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രശാന്ത് തന്നേക്കാൾ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലകിനെതിരെ സോഷ്യൽ മീഡയയിൽ അധിക്ഷേപവും ആരോപണവും ചൊരിഞ്ഞത്. തനിക്കെതിരായ വാർത്തക്ക് പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നും പ്രശാന്ത് ആരോപിച്ചു.
ജയതിലക് എന്ന വ്യക്തി തന്നെയാണ് മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി. തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ് പ്രശാന്ത് പരിഹസിച്ചു.
എസ് സി, എസ് ടി വകുപ്പ് നടപ്പാക്കുന്ന ഉന്നതി പദ്ധതിയുമായി ബന്ധപ്പെട്ട് വന്ന വാർത്തയാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. ഈ വാർത്തയ്ക്ക് പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നാണ് ആരോപണത്തിലെ സൂചന. ഹിന്ദു ഓഫീസേഴ്സ്, എന്ന വാട്സ്ആപ് ഉണ്ടാക്കിയെന്ന വിവാദത്തിലെ നായകനായ ഐഎഎസ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണനെതിരെയും ഈ ഉന്നതി ഫയൽ വിഷയത്തിൽ അദ്ദേഹം പരാമർശം നടത്തിയിട്ടുണ്ട്.