
അലപ്പോയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങി സിറിയൻ സർക്കാർ സേന
സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭരണത്തിനെതിരെയുള്ള പ്രതിഷേധാത്മകമായി സിറിയയിലെ വിമത സേന നടത്തിയ ആക്രമണത്തെ തുടർന്ന് അലപ്പോയിൽ നിന്ന് പിൻവാങ്ങി സിറിയൻ സേന. വിമതർ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കടന്നു കയറിയതായും, ഇതിന് പ്രത്യാക്രമണം നടത്തുമെന്നും സിറിയൻ സേന അറിയിച്ചു.
സിറിയയുടെ ആഭ്യന്തര യുദ്ധത്തിൽ ഏറ്റവും നിർണ്ണായക പോരാട്ടമായി ഇതിനെ വിലയിരുത്തുന്നു. ആക്രമണത്തിൽ ഏകദേശം 300 പേർ കൊല്ലപ്പെട്ടതായി യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടന പറയുന്നു.
സിറിയയുടെ സ്ഥിരതയും സമഗ്രതയും സംരക്ഷിക്കുമെന്ന് പ്രസിഡന്റ് ബഷാർ അൽ അസദ് പറഞ്ഞു. എത്ര കഠിനമായ ആക്രമണങ്ങൾ നടത്തിയാലും പല രാജ്യങ്ങളുടെയും പിന്തുണയുള്ളതിനാൽ ആക്രമണകാരികൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള പൂർണ്ണശേഷി സിറിയയ്ക്കുണ്ടെന്ന് പ്രസിഡന്റിന്റെ ഓഫീസ് പറഞ്ഞു.
സിറിയയിലെ വിമത സേന രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലപ്പോയിലേക്ക് കടന്നുകയറി. പിന്നാലെ സിറിയൻ അധികൃതർ അലപ്പോ വിമാനത്താവളവും നഗരത്തിലേക്കുള്ള റോഡുകളും അടച്ചിട്ടിരുന്നു. 2016ന് ശേഷം ആദ്യമായാണ് വിമതസേന നഗരത്തിലേക്ക് തിരിച്ചെത്തുന്നത്.
വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിൽ കഴിഞ്ഞ ആഴ്ചകളിൽ റഷ്യയുടെയും സിറിയയുടെയും വ്യോമസേനകൾ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് കടന്നാക്രമണമെന്ന് വിമതർ പറഞ്ഞു
2011 ലാണ് ആഭ്യന്തര കലാപം ആരംഭിക്കുന്നത്. ജനാധിപത്യ അനൂകൂലമായ പ്രതിഷേധങ്ങളോട് അസദ് സർക്കാരിന്റെ പ്രതികൂലമായ പ്രതികരണമാണ് കലാപത്തിന് കാരണമായത്. 2020ൽ വെടിനിർത്തൽ കരാർ നടപ്പിലാക്കിയതോടെയാണ് കലാപത്തിന് അയവുണ്ടാകുന്നത്. എന്നാൽ പിന്നീട് ഇദ്‌ലിബിന്റെ നിയന്ത്രണം വിമതസേന ഏറ്റെടുക്കുകയായിരുന്നു.


