
സീറോ മലബാർ സഭ മേധാവികൾ മോഡിയെ കാണുന്നു
സീറോ മലബാർ സഭയുടെ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. സൗഹൃദ സന്ദർശനമെന്നാണ് മോഡിയുമായുള്ള കൂടിക്കാഴ്ചയെ, സഭ വിശേഷിപ്പിക്കുന്നതെങ്കിലും രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള ഒന്നാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് കൂടിക്കാഴ്ച.
മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം, ഛത്തീസ്‌ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ പുരോഹിതരും, കന്യാസ്ത്രീകളും, വിശ്വാസികളും നേരിടുന്ന അതിക്രമങ്ങൾ എന്നിവ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സീറോ മലബാർ സഭ പ്രതിനിധികൾ ഉന്നയിക്കുമെന്ന് കരുതുന്നു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ സഭ നൽകിയ സംഭാവവനകൾ അവതരിപ്പിക്കുന്നതിനൊപ്പം മതപരിവർത്തനം സഭയുടെ ലക്ഷ്യമല്ലെന്നും പ്രതിനിധികൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും.
സൗഹൃദ സന്ദർശനമെന്നാണ് ഔദ്യോഗികമായി സഭ നൽകുന്ന വിശദീകരണമെങ്കിലും കേരളത്തിൽ ആസന്നമായ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പും, അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപുള്ള ഈ കൂടിക്കാഴ്ചക്ക് രാഷ്ട്രീയമായി ഏറെ മാനങ്ങൾ ഉള്ളതായി വിലയിരുത്തപ്പെടുന്നു. കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തിന്റെ പിന്തുണ നേടുന്നതിനുള്ള ബിജെപി-യുടെ ബോധപൂർവമായ പരിശ്രമങ്ങളുടെ ഭാഗമാണ് ഈ കൂടിക്കാഴ്ചയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.


