TMJ
searchnav-menu
post-thumbnail

TMJ Daily

തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

16 Dec 2024   |   1 min Read
TMJ News Desk

പ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച്ച രാത്രിയോടെ സാക്കിര്‍ ഹുസൈനിന്റെ മരണ വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും കുടുംബം തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.

1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. അഞ്ചാം വയസ്സ് മുതല്‍ അച്ഛനില്‍നിന്നും സംഗീതപഠനം തുടങ്ങി. ആദ്യ ഗുരു തബല മാന്ത്രികനായ പിതാവ് അള്ളാ രഖ ഖാന്‍ ആയിരുന്നു. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങി. പട്‌നയില്‍ ദസറ ഉത്സവത്തില്‍ സിത്താര്‍ വാദകന്‍ ഉസ്താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാന്‍, ഷഹനായി ചക്രവര്‍ത്തി ബിസ്മില്ലാ ഖാന്‍ എന്നിവര്‍ക്കൊപ്പം രണ്ടുദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു.

മുംബൈ സെന്റ് സേവ്യഴ്‌സ് കോളേജിലെ പഠനത്തിനുശേഷം വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ചൈനീസ്, ആഫ്രിക്കന്‍, ഇന്തോനേഷ്യന്‍ താളവാദ്യങ്ങള്‍ പഠിച്ചു.

18-ാം വയസ്സില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം അമേരിക്കയില്‍ കച്ചേരി അവതരിപ്പിച്ചു. 19-ാം വയസ്സില്‍ വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി. പോപ്പ് ബാന്‍ഡ് ദ ബീറ്റില്‍സ് ഉള്‍പ്പെടെയുള്ള അനവധി സംഗീത സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മണ്‍ടോ, മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍, വാനപ്രസ്ഥം തുടങ്ങിയ സിനിമയ്ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. അഞ്ച് ഗ്രാമി പുരസ്‌കാരം ലഭിച്ചു. ഇതില്‍ മൂന്നെണ്ണം ഈ വര്‍ഷമാണ് ലഭിച്ചത്. 1988-ല്‍ പത്മശ്രീയും 2002-ല്‍ പത്ഭൂഷണും 2023-ല്‍ പത്മവിഭൂഷണും ലഭിച്ചു.

1999-ല്‍ അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന യുണൈറ്റഡ്  നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെല്ലോഷിപ്പ് ലഭിച്ചു.

പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.




#Daily
Leave a comment