
തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കും
യുഎസ് നാടുകടത്തിയ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ ഹുസ്സൈന്‍ റാണയെ ഇന്ത്യയിലെത്തിച്ചു. റാണയെ കയറ്റിയ വിമാനം 2.30 ഓടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഇന്ത്യയിലേക്ക് നാടുകടത്തുന്നതിന് എതിരെയുള്ള റാണയുടെ ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു. വിവിധ ഏജന്‍സികളില്‍ നിന്നുള്ള സംഘമാണ് യുഎസില്‍ നിന്നും റാണയെ കൊണ്ടുവരാന്‍ പോയത്.
പാകിസ്താനില്‍ ജനിച്ച കനേഡിയന്‍ പൗരനായ റാണയ്ക്ക് 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ഗൂഢാലോചനക്കാരില്‍ ഒരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ബന്ധമുണ്ട്.
2008 നവംബര്‍ 26ന് പാകിസ്താന്‍ പിന്തുണയുള്ള 10 ലക്ഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ മുംബൈയില്‍ നടത്തിയ 60 മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷന്‍, രണ്ട് ആഢംബര ഹോട്ടലുകള്‍, ഒരു ജൂത കേന്ദ്രം എന്നിവയാണ് ആക്രമണത്തിന് ഇരയായത്.
റാണ പാക് പൗരനാണെന്ന വാദം പാകിസ്താന്‍ തള്ളി. രണ്ട് ദശാബ്ദങ്ങളായി റാണ പാകിസ്താനിലെ രേഖകള്‍ പുതുക്കുന്നില്ലെന്നും അതിനാല്‍ അയാളുടെ കനേഡിയന്‍ പൗരത്വം വ്യക്തമാണെന്നും പാകിസ്താന്‍ പറഞ്ഞു.
റാണയെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിഹാറിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും മറ്റ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
റാണയുടെ വിചാരണയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ അഡ്വക്കേറ്റ് നരേന്ദര്‍ മന്നിനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.