
ലെബനന്‍ സ്ഫോടനങ്ങളില്‍ ഉപയോഗിച്ച പേജറിന്റെ ഭാഗങ്ങള്‍ തായ്വാനില്‍ നിന്നുള്ളതല്ല എന്ന് തായ്വാന്‍ ധനമന്ത്രി
ചൊവ്വാഴ്ച ലെബനനില്‍ പൊട്ടിത്തെറിച്ച ആയിരക്കണക്കിന് വരുന്ന പേജറുകളില്‍ ഉപയോഗിച്ച ഭാഗങ്ങള്‍ തായ്വാനില്‍ നിര്‍മ്മിച്ചതല്ലെന്ന് തായ്വാനിലെ ധനമന്ത്രി കുവോ ജിഹ്-ഹുയി പറഞ്ഞു.
പൊട്ടിത്തെറിച്ച ഉപകരണങ്ങള്‍ തങ്ങള്‍ നിര്‍മിച്ചതല്ലെന്ന് തായ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോ ലിമിറ്റഡ് അറിയിച്ചു. ബുഡാപെസ്റ്റ് ആസ്ഥാനമായുള്ള കമ്പനിയായ ബി എ സിക്ക് ഈ ബ്രാന്‍ഡ് പേര് ഉപയോഗിക്കാനുള്ള ലൈസന്‍സുണ്ടെന്നും പറഞ്ഞു. എങ്ങനെയാണ് പേജറുകള്‍ ആയുധമാക്കിയതെന്ന് വ്യക്തമല്ല. പൊട്ടിത്തെറിച്ച പേജറുകളിലെ ഭാഗങ്ങള്‍ തായ്വാനില്‍ നിര്‍മ്മിച്ചതല്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും, കേസ് ജുഡീഷ്യല്‍ അധികാരികള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഗോള്‍ഡ് അപ്പോളോയുടെ പ്രസിഡന്റിനെ വ്യാഴാഴ്ച്ച രാത്രി വൈകിയും പ്രോസിക്യൂട്ടര്‍മാര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
കേസിനെക്കുറിച്ച് ഇസ്രായേല്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് തായ്വാന്‍ വിദേശകാര്യ മന്ത്രി ലിന്‍ ചിയാ-ലുംഗും നല്‍കിയത്. വിദേശത്തുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാ അവബോധം വളര്‍ത്താന്‍ പറഞ്ഞിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി പ്രസക്തമായ വിവരങ്ങള്‍ കൈമാറുമെന്നും മന്ത്രി അറിയിച്ചു.രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് തായ്വാന്‍ കമ്പനികളുടെ പങ്കാളിത്തം എത്രയും വേഗം തന്നെ നിര്‍ണ്ണയിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലാത്ത ഇസ്രയേലിനെതിരെ തിരിച്ചടിക്കുമെന്ന് ഇറാന്‍ സഖ്യകക്ഷിയായ ഹിസ്ബുല്ല നേതാവായ ഹസ്സന്‍ നസ്രല്ല ഭീഷണിപ്പെടുത്തിയിരുന്നു. അതിന് മണിക്കൂറുകള്‍ക്ക് ശേഷം, വ്യാഴാഴ്ച വൈകി തെക്കന്‍ ലെബനനിലുടനീളം ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഡസന്‍ കണക്കിന് ആക്രമണങ്ങള്‍ നടത്തി. കഴിഞ്ഞ ഒക്ടോബറില്‍ ഗാസയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഇരുവിഭാഗങ്ങളും അതിര്‍ത്തി കടന്നുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 4000 പേജറുകള്‍ പൊട്ടിത്തെറിച്ച് കുട്ടികളുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെടുകയും 1000ത്തോളം പേര്‍ക്ക് പരിക്കേറ്റതും. തൊട്ടുപിന്നാലെ ബുധനാഴ്ച്ച ഉച്ചക്ക് ശേഷം വോക്കി ടോക്കി ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച് 20 തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 450 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.