TMJ
searchnav-menu
post-thumbnail

TMJ Daily

ചൈനയുമായുള്ള വ്യാപാര കമ്മി കുറയ്ക്കാന്‍ ഇന്ത്യയെ സഹായിക്കാമെന്ന് തായ്‌വാന്‍

20 Mar 2025   |   1 min Read
TMJ News Desk

ചൈനയില്‍ നിന്നുള്ള വൈദ്യുതോപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യയെ സഹായിക്കാമെന്ന് തായ്‌വാന്‍ ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാവ് സു സു-ഷീന്‍ പറഞ്ഞു. ഇന്ത്യയും തായ്‌വാനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നത് സാമ്പത്തിക വിനിമയം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വന്നാല്‍ തായ്‌വാനില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ സെമികണ്ടക്ടര്‍, മറ്റ് ആധുനിക സാങ്കേതികവിദ്യ മേഖലകളില്‍ നിക്ഷേപം നടത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഉയര്‍ന്ന തീരുവ കുറയ്ക്കാന്‍ സഹായിക്കും.

ഇന്ത്യ സംഘടിപ്പിക്കുന്ന റെയ്‌സീന ഡയലോഗ് എന്ന ഭൗമരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് തായ്‌വാന്റെ ഡെപ്യൂട്ടി ഉപദേഷ്ടാവ് ഡല്‍ഹിയിലെത്തിയത്.

തായ്‌വാന്റെ സാങ്കേതിക വിദ്യയും ഇന്ത്യയുടെ ജനസംഖ്യാ ആനുകൂല്യങ്ങളും ചേര്‍ന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നും ഇതിലൂടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയില്‍ നിന്നും ഇറക്കുമതി തുടരുന്നതിന് പകരം തായ്‌വാനും ഇന്ത്യയും വിവിധ വൈദ്യുത ഘടകങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കുന്നതിലൂടെ ചൈനയുമായുള്ള ഉയര്‍ന്ന വ്യാപാര കമ്മി കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മിക്ക ആശയവിനിമയ സാങ്കേതിക വിദ്യാ ഉല്‍പന്നങ്ങളും (ഐസിടി) നിര്‍മ്മിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. സെമികണ്ടക്ടര്‍ മാത്രമല്ല, മറ്റെല്ലാ ഐസിടി ഉല്‍പന്നങ്ങളും നിര്‍മ്മിക്കാന്‍ സഹായിക്കാന്‍ തായ്‌വാന് സാധിക്കുമെന്ന് ഡെപ്യൂട്ടി ഉപദേഷ്ടാവ് പറഞ്ഞു.




 

#Daily
Leave a comment