
സിഖ് വിരുദ്ധ കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: രാഹുല്‍ ഗാന്ധി
1984ലെ സിഖ് വിരുദ്ധ കലാപം അടക്കം കോണ്‍ഗ്രസ് ചരിത്രത്തില്‍ ചെയ്ത എല്ലാ തെറ്റുകളുടേയും ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഏപ്രില്‍ 21ന് യുഎസിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ ഒരു സിഖ് വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര, പൊതുകാര്യങ്ങള്‍ക്കായുള്ള വാസ്റ്റണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൊളിറ്റിക്കല്‍ ശാസ്ത്രജ്ഞനായ അശുതോഷ് വര്‍ഷ്‌നേയുമായി സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ സംഭാഷണത്തിന്റെ വീഡിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യൂട്യൂബില്‍ ശനിയാഴ്ച്ച അപ്ലോഡ് ചെയ്തു.
1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയെ അവരുടെ സിഖ് സുരക്ഷാ ജീവനക്കാര്‍ വധിച്ചതിനെ തുടര്‍ന്ന് വലിയ കലാപം ഉണ്ടായിരുന്നു. ജനക്കൂട്ടം സിഖുകാരെ ആക്രമിക്കുകയും അവരുടെ വീടുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഈ അക്രമങ്ങള്‍ക്ക് ചില കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ചിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡല്‍ഹിയില്‍ മാത്രം 3,000ത്തോളം സിഖുകാര്‍ കൊല്ലപ്പെട്ടു.
സിഖ് സമൂഹവുമായി അനുരഞ്ജനത്തിലെത്താന്‍ എന്താണ് രാഹുല്‍ ചെയ്യുന്നതെന്ന് വിദ്യാര്‍ത്ഥി ചോദിച്ചു.
എന്തെങ്കിലും സിഖുകാരെ പേടിപ്പിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. തനിക്ക് മുമ്പ് കോണ്‍ഗ്രസ് ധാരാളം തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ചരിത്രത്തില്‍ ചെയ്തിട്ടുള്ള എല്ലാ തെറ്റുകളുടേയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം മറുപടി പറഞ്ഞു.
1980കളില്‍ സംഭവിച്ചത് തെറ്റാണെന്ന് താന്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ സുവര്‍ണക്ഷേത്രം അനവധി തവണ സന്ദര്‍ശിച്ചുണ്ട്. ഇന്ത്യയിലെ സിഖ് സമൂഹവുമായി നല്ല ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞു.


