TMJ
searchnav-menu
post-thumbnail

PHOTO: TWITTER

TMJ Daily

പ്രതിഷേധം വകവെക്കാതെ താലിബാന്‍; ബ്യൂട്ടിപാര്‍ലറുകള്‍ നിരോധിച്ചു

26 Jul 2023   |   2 min Read
TMJ News Desk

രുമാസത്തെ സമയപരിധി അവസാനിച്ചതിനാല്‍ ഇതുവരെ അടച്ചുപൂട്ടാത്ത എല്ലാ ബ്യൂട്ടിപാര്‍ലറുകളും അടച്ചുപൂട്ടണമെന്ന് താക്കീത് നല്‍കി താലിബാന്‍. ഒരുമാസത്തെ സമയ പരിധിക്കുള്ളില്‍ അഫ്ഗാനിസ്ഥാനിലെ ബ്യൂട്ടിപാര്‍ലറുകള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദേശമാണ് താലിബാന്‍ നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്ന് കാബൂളില്‍  മേക്കപ്പ് ആര്‍ടിസ്റ്റുകളുള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സ്ത്രീകളുടെ പൊതുജീവിതത്തെയും തൊഴിലിനെയും നിയന്ത്രിക്കാനുള്ള താലിബാന്റെ നീക്കത്തിനെതിരെ അന്‍പതോളം സ്ത്രീകളാണ് പ്രതിഷേധവുമായി അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഒത്തുച്ചേര്‍ന്നത്. 

'ഞങ്ങള്‍ക്ക് ജോലിയും ഭക്ഷണവും സ്വാതന്ത്ര്യവും വേണം' എന്ന, അടിസ്ഥാന ആവശ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. 
പ്രതിഷേധത്തെ താലിബാന്‍ സൈന്യം അടിച്ചമര്‍ത്തിയത് ജലപീരങ്കികളും സ്റ്റണ്‍ ഗണ്ണുകളും ഉപയോഗിച്ചായിരുന്നു. ബ്യൂട്ടിപാര്‍ലറുകളുടെ പ്രവര്‍ത്തനം ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായത് കൊണ്ടാണ് നിരോധനം എന്നാണ് താലിബാന്റെ വാദം. നിരോധനം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ അഫ്ഗാനിസ്ഥാനുമായി ഇടപെടല്‍ നടത്തിയിട്ടുണ്ട്.  സ്ത്ര ീ സ്വാതന്ത്ര്യത്തിനു മേലുള്ള ഇത്തരം നിയന്ത്രണങ്ങള്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്നും നിരോധനം പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും യു.എന്‍.എ.എം.എ (U.N.Assistance Mission in Afghanistan) വ്യക്തമാക്കി. ബ്യൂട്ടിപാര്‍ലറുകള്‍ അടച്ചുപൂട്ടുന്നതോടെ ഏകദേശം 60,000 സ്ത്രീകള്‍ക്കാണ് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുക. 

2021 ല്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം താലിബാന്‍ സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സ്‌കൂളുകളിലും  സര്‍വകലാശാലകളിലും, പാര്‍ക്കുകള്‍, ജിമ്മുകള്‍ ഉള്‍പ്പടെയുള്ള പൊതുസ്ഥലങ്ങളിലും വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവ് രാജ്യവ്യാപകമായി സ്ത്രീകള്‍ നടത്തുന്ന ആയിരക്കണക്കിന് ബ്യൂട്ടിപാര്‍ലറുകള്‍ അടച്ചുപൂട്ടാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നതാണ്. ഏകദേശം 60,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതിലേക്ക് ഇത് നയിക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് പറഞ്ഞു. 

ബ്യൂട്ടിപാര്‍ലറുകള്‍ക്ക് നിരോധനം

കാബൂളിലും മറ്റു സമീപ പ്രവിശ്യകളിലുമുള്ള സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറുകള്‍ക്കാണ് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. താലിബാന്റെ  ഉത്തരവ് പ്രകാരം കാബൂളിലും രാജ്യത്തെ മറ്റു പ്രവിശ്യകളിലും സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും, ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പുരുഷന്മാരുടെ സാന്നിധ്യമില്ലാതെ പോകരുതെന്ന വിചിത്ര നിയമവും അഫ്ഗാനില്‍ നിലകൊള്ളുന്നു. 2021 ഡിസംബറിലാണ്, സ്ത്രീകള്‍ ആഭ്യന്തര, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് നിരോധിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീ സമൂഹത്തെ മുഴുവന്‍ തങ്ങളുടെ ആധിപത്യത്തില്‍ ഞെരിച്ചമര്‍ത്തുന്ന നയങ്ങളാണ് താലിബാന്‍ തുടര്‍ച്ചയായി സ്വീകരിച്ചിട്ടുള്ളത്. അടുത്തിടെ, വിവാഹമോചിതരായ സ്ത്രീകള്‍ ആദ്യഭര്‍ത്താവിനൊപ്പം തന്നെ ജീവിതം തുടരണമെന്നും ഇസ്ലാമിക ശരിയാ പ്രകാരം മാത്രമേ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കഴിയൂവെന്നും താലിബാന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിലൂടെ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായി വൈവാഹിക ജീവിതത്തില്‍ നിന്നും മോചനം നേടിയ നിരവധി സ്ത്രീകള്‍ക്ക് മുന്‍ഭര്‍ത്താവിന്റെ കൂടെത്തന്നെ ജീവിക്കേണ്ടി വരുന്നു. അതിനു തയ്യാറല്ലാത്ത പല സ്ത്രീകളും കുട്ടികളെയും കൊണ്ട് ഒളിവു ജീവിതമാണ് നയിക്കുന്നത്.

അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍

ഭീകര സംഘടനയായ താലിബാന്‍, അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിനുശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വലിയ രീതിയിലുള്ള അവകാശലംഘനങ്ങളാണ് നടക്കുന്നത്. അഫ്ഗാന്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടും താലിബാന്‍ ചെയ്യുന്നത് കടുത്ത ലിംഗവിവേചനമാണെന്നും അധികാരികള്‍ അവരുടെ അവകാശങ്ങള്‍ക്ക് തടസമേര്‍പ്പെടുത്തുകയാണെന്നും ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനില്‍ 60% പെണ്‍കുട്ടികള്‍ക്കും 46% ആണ്‍കുട്ടികള്‍ക്കും പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടുണ്ട്. കണക്കുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനില്‍ ഏകദേശം 3.7 മില്ല്യണ്‍ കുട്ടികള്‍ സ്‌കൂളുകള്‍ക്ക് പുറത്താണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ രാജ്യം ലോകത്തില്‍ ഏറ്റവും പിന്നില്‍ എത്തിയിരുന്നു. സന്നദ്ധസംഘടനയായ കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്‍ 193 രാജ്യങ്ങളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ സര്‍വെ റിപ്പോര്‍ട്ടിലാണ് അഫ്ഗാനിസ്ഥാന്റെ കുട്ടികള്‍ക്കെതിരെയുള്ള അവകാശ ലംഘനത്തെ വ്യക്തമാക്കുന്നത്. ജീവിതശൈലി, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം, പ്രാപ്തനാക്കുന്ന സാഹചര്യം എന്നീ അഞ്ചു ഘടകങ്ങളെ ആസ്പദമാക്കി നടത്തിയ സര്‍വെയില്‍ 191-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. 2021 ന് ശേഷം രാജ്യത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ആറാം ക്ലാസ്സായി താലിബാന്‍ പരിമിതപ്പെടുത്തി. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഏകദേശം 15 മില്ല്യണ്‍ കുട്ടികള്‍ക്ക് മാനുഷികമായ സഹായം അഫ്ഗാനിസ്ഥാനില്‍ ആവശ്യമാണ്.


#Daily
Leave a comment