TMJ
searchnav-menu
post-thumbnail

TMJ Daily

താലിബാന്‍ മന്ത്രി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു

12 Dec 2024   |   1 min Read
TMJ News Desk

താലിബാന്‍ അഭയാര്‍ത്ഥി മന്ത്രി ഖലീല്‍ ഹഖാനി കാബൂളിലെ ആഭ്യന്തര മന്ത്രാലയത്തിനുള്ളില്‍ നടന്ന ഒരു ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു. 2021-ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെട്ട ഏറ്റവും ഉന്നതനാണ് ഹഖാനി.

ഹഖാനി ഓഫീസില്‍ നിന്നും പുറത്തുപോകുന്ന സമയത്ത് നടന്ന സ്‌ഫോടനത്തില്‍ ആറുപേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. താലിബാനിലെ ഹഖാനി ശൃംഖലയെന്ന ശക്തമായ വിഭാഗത്തിലെ ഉന്നതനാണ് ഖലീല്‍ ഹഖാനി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഐഎസ് ഭീകരന്‍ മന്ത്രിയുടെ ഓഫീസിന് പുറത്ത് കാത്തുനിന്നുവെന്നും മന്ത്രി വന്നപ്പോള്‍ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തുവെന്ന് ഐഎസിന്റെ വാര്‍ത്താ ഏജന്‍സിയായ അമാഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹഖാനിയെ കൊലപ്പെടുത്തിയത് ഐഎസ് ആണെന്ന് താലിബാന്റെ വക്താവ് സ്ഥിരീകരിച്ചതായി റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

1980-കളില്‍ അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് സൈന്യത്തിന് എതിരെ പോരാടിയ ഗറില്ലാ നേതാവാണ് ഖലീല്‍ ഹഖാനിയുടെ സഹോദരന്‍ ജലാലുദ്ദീന്‍. താലിബാന്റെ 20 വര്‍ഷത്തെ ഭീകരവാഴ്ച്ചാക്കാലത്തിലെ അനവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ജലാലുദ്ദീന്‍ സ്ഥാപിച്ച ഹഖാനി ശൃംഖല ആയിരുന്നു. ജലാലുദ്ദീന്റെ മകനായ സിറാജ്ജുദ്ദീന്‍ ഹഖാനിയാണ് താലിബാന്‍ സര്‍ക്കാരിലെ നിലവിലെ ആഭ്യന്തര മന്ത്രി.

2021-ല്‍ യുഎസിന്റെ നേതൃത്വത്തിലുള്ള സൈന്യം പൂര്‍ണമായും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് രാജ്യം പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലായശേഷം മൊത്തത്തില്‍ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടുവെങ്കിലും ഓരോ വര്‍ഷവും ഡസന്‍ കണക്കിന് ബോംബാക്രമണങ്ങളും ചാവേറാക്രമണങ്ങളും നടക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പ്രാദേശിക സംഘമായ ഇസ്ലാമിക് സ്റ്റേറ്റ് ഖോറാസന്‍ പ്രവിശ്യയാണ് താലിബന്റെ ശക്തരായ എതിരാളികള്‍.




#Daily
Leave a comment