TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്

04 Jul 2023   |   2 min Read
TMJ News Desk

കാബൂളിലും മറ്റു സമീപ പ്രവിശ്യകളിലും സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 2021 ല്‍ താലിബാന്‍ ഭരണത്തിലെത്തിയതിനുശേഷം സ്ത്രീകളുടെ ജീവിതം അഫ്ഗാനിസ്ഥാനില്‍ വീണ്ടും ദുസ്സഹമായി തീര്‍ന്നിരിക്കുകയാണ്. താലിബാന്റെ  ഉത്തരവ് പ്രകാരം കാബൂളിലും രാജ്യത്തെ മറ്റു പ്രവിശ്യകളിലും സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും, ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. 

താലിബാന്‍ വൈസ് ആന്റ് വെര്‍ച്യു മന്ത്രാലയത്തിന്റെ വക്താവ് മുഹമ്മദ് ആകിഫ് മഹാജറിനെ ഉദ്ധരിച്ചുകൊണ്ട് അഫ്ഗാന്‍ വാര്‍ത്താ ചാനലായ ടോളോ ന്യൂസ് ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താലിബാന്‍ നേതാവിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുത്താനും സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കാനും മന്ത്രാലയം കാബൂള്‍ മുന്‍സിപ്പാലിറ്റിയോട് ഉത്തരവിട്ടിട്ടുണ്ട്.

ദാരിദ്ര്യത്തെ മറികടക്കണം

''പുരുഷന്മാര്‍ ജോലിയില്ലാത്തവരാണ്. പുരുഷന്മാര്‍ക്ക് അവരുടെ കുടുംബത്തെ പരിപാലിക്കാന്‍ കഴിയാതെ വരുമ്പോള്‍, സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. അവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാല്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും?''  മേക്കപ്പ് ആര്‍ട്ടിസ്റ്റായ റൈഹാന്‍ മുബാരിസ് ടോളോ ന്യൂസിനോട് ആശങ്ക പങ്കുവച്ചു. ''പുരുഷന്മാര്‍ക്ക് ജോലിയുണ്ടെങ്കില്‍ ഞങ്ങള്‍ വീട്ടില്‍ നിന്ന് ഇറങ്ങില്ല. പട്ടിണി കിടന്ന് മരിക്കേണ്ടി വരുന്ന അവസ്ഥയില്‍ ഞങ്ങള്‍ എന്തു ചെയ്യണം?  ഞങ്ങള്‍ മരിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.'' പേരു വെളിപ്പെടുത്താതെ മറ്റൊരു സ്ത്രീ പറഞ്ഞു. താലിബാന്‍ ഭരണത്തിലെത്തിയതിനുശേഷം പെണ്‍കുട്ടികളെ സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിലൊക്കെ വിലക്കിയിരുന്നു. ''സര്‍ക്കാര്‍ ഒരു ചട്ടക്കൂട് തയാറാക്കണം, ഇസ്ലാമിനോ രാജ്യത്തിനോ ഒരു കോട്ടവും വരാത്ത വിധത്തിലായിരിക്കണം ചട്ടക്കൂട്.'' കാബൂള്‍ സ്വദേശിയായ അബ്ദുള്‍ ഖബീര്‍ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

അഫ്ഗാനിസ്ഥാനും സ്ത്രീ സ്വാതന്ത്ര്യവും

താലിബാന്‍ ഭരണത്തിലെത്തിയതോടെ അഫ്ഗാനിലെ സ്ത്രീ സ്വാതന്ത്ര്യം താറുമാറായി. ഭരണത്തിലെത്തിയതിനുശേഷം പെണ്‍കുട്ടികളെ സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, സന്നദ്ധസംഘടനകള്‍ ഇവയില്‍ പ്രവര്‍ത്തിക്കുന്നതിലൊക്കെ വിലക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസിനുശേഷം വിദ്യാഭ്യാസം നിരസിക്കുക, അവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുക എന്നിങ്ങനെയുള്ള മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളാണ് രാജ്യത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഉന്നതനിലവാരത്തിലുള്ള യൂണിവേഴ്സിറ്റികള്‍, യുണൈറ്റഡ് നേഷന്‍സ് പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയില്‍ ജോലി നിഷേധിക്കുന്നു. ജിമ്മുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ വരെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നു. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പുരുഷന്മാരുടെ സാന്നിധ്യമില്ലാതെ പോകരുതെന്ന വിചിത്ര നിയമവും അഫ്ഗാനില്‍ നിലകൊള്ളുന്നു.

2021 ഡിസംബറിലാണ്, സ്ത്രീകള്‍ ആഭ്യന്തര, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് നിരോധിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന അഫ്ഗാനി ജനതയെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷമായ ബാഹ്യ ഇടപ്പെടലുകള്‍ക്ക് താലിബാന്‍ അനുവദിക്കുന്നില്ല. ആഭ്യന്തര പ്രശ്‌നങ്ങള്‍ തങ്ങള്‍തന്നെ പരിഹരിച്ച് കൊള്ളാമെന്ന നിലപാടാണവര്‍ സ്വീകരിക്കുന്നത്. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഏകദേശം 15 മില്ല്യണ്‍ കുട്ടികള്‍ക്ക് മാനുഷികമായ സഹായം അഫ്ഗാനിസ്ഥാനില്‍ ആവശ്യമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ അഫ്ഗാന്‍ ഭരണകൂടം മുന്‍പന്തിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് ആക്കം കൂട്ടുന്നതാണ് പുതിയതായി കൊണ്ടുവരുന്ന ഉത്തരവ്.

അഫ്ഗാനിസ്ഥാനിലെ സ്ത്രീ സമൂഹത്തെ മുഴുവന്‍ തങ്ങളുടെ ആധിപത്യത്തില്‍ ഞെരിച്ചമര്‍ത്തുന്ന നയങ്ങളാണ് താലിബാന്‍ തുടര്‍ച്ചയായി സ്വീകരിച്ചിട്ടുള്ളത്. അടുത്തിടെ, വിവാഹമോചിതരായ സ്ത്രീകള്‍ ആദ്യഭര്‍ത്താവിനൊപ്പം തന്നെ ജീവിതം തുടരണമെന്നും ഇസ്ലാമിക ശരിയാ പ്രകാരം മാത്രമേ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കഴിയൂവെന്നും താലിബാന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിലൂടെ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായി വൈവാഹിക ജീവിതത്തില്‍ നിന്നും മോചനം നേടിയ നിരവധി സ്ത്രീകള്‍ക്ക് മുന്‍ഭര്‍ത്താവിന്റെ കൂടെത്തന്നെ ജീവിക്കേണ്ടി വരുന്നു. അതിനു തയ്യാറല്ലാത്ത പല സ്ത്രീകളും കുട്ടികളെയും കൊണ്ട് ഒളിവു ജീവിതമാണ് നയിക്കുന്നത്.



#Daily
Leave a comment