
ഇന്ത്യ പ്രധാന സാമ്പത്തിക പങ്കാളിയെന്ന് താലിബാന്
ഇന്ത്യയെ പ്രധാന മേഖലാ, സാമ്പത്തിക പങ്കാളിയാണെന്ന് താലിബാന്‍ വിദേശകാര്യ ഓഫീസ് അഭിപ്രായപ്പെട്ടു. 2021-ല്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചശേഷം ദുബായില്‍ നടന്ന ഇന്ത്യയുമായുള്ള ആദ്യത്തെ ഉന്നതതല ചര്‍ച്ചകള്‍ക്കുശേഷമാണ് താലിബാന്‍ ഇക്കാര്യം പറഞ്ഞത്.
ഇന്നലെ ദുബായില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി താലിബാന്റെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താക്കിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തുവെന്ന് അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രി പറഞ്ഞു. കൂടാതെ, ഇറാനിലെ ചഹബാര്‍ തുറമുഖത്തിലൂടെയുള്ള ഇന്ത്യയുടെ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു. പാകിസ്ഥാനിലെ കറാച്ചി, ഗ്വാദര്‍ തുറമുഖങ്ങളെ മറികടന്നുള്ള ചരക്കുഗതാഗതത്തിനായി ഇന്ത്യ വികസിപ്പിക്കുന്ന തുറമുഖമാണ് ചഹബാര്‍ തുറമുഖം.
അഫ്ഗാനിസ്ഥാന്റെ സന്തുലിതമായതും സമ്പദ് വ്യവസ്ഥ കേന്ദ്രീകരിച്ചുള്ളതുമായ വിദേശ നയത്തിന് അനുസൃതമായി ഇസ്ലാമിക് എമിറേറ്റ് പ്രധാനപ്പെട്ട മേഖലാ, സാമ്പത്തിക പങ്കാളിയെന്ന നിലയില്‍ ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് അഫ്ഗാനിസ്ഥാന്റെ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കുന്നതും പരിഗണിക്കുന്നുവെന്ന് ദുബായിലെ യോഗത്തിനുശേഷം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇന്ത്യ അടക്കം ഒരു വിദേശ സര്‍ക്കാരും ഔദ്യോഗികമായി താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല.
എങ്കിലും വ്യാപാരം, മെഡിക്കല്‍ സഹായം പോലുള്ള കാര്യങ്ങള്‍ക്കായി കാബൂളില്‍ ചെറിയൊരു നയതന്ത്ര സംവിധാനത്തെ നിലനിര്‍ത്തുന്ന അനവധി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കൂടാതെ, ഇന്ത്യ താലിബാന് കീഴിലുള്ള അഫ്ഗാനിസ്ഥാന് മാനുഷിക പരിഗണനയില്‍ സഹായങ്ങള്‍ അയക്കുകയും ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാനുമായി വ്യാപാരം വര്‍ദ്ധിപ്പിക്കാനുള്ള താല്‍പര്യം മേഖലയിലെ മറ്റ് രാജ്യങ്ങളായ ചൈനയും റഷ്യയും പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ദുബായിലെ യോഗം ഇരുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്താനെ ചൊടിപ്പിക്കും. ഇപ്പോള്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ നല്ല ബന്ധത്തിലല്ല. അഫ്ഗാന്‍ മണ്ണില്‍ നിന്നും പാകിസ്ഥാനിലേക്ക് ഭീകരപ്രവര്‍ത്തനം നടത്തുന്നതായി അവര്‍ ആരോപിക്കുന്നു. എന്നാല്‍ താലിബാന്‍ ഇത് തള്ളുന്നു. അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമസേന ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിനെ ഇന്ത്യ അപലപിക്കുകയും ചെയ്തു.


