ഡാനിയേല്‍ ബാലാജി | PHOTO: FACEBOOK
തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
പ്രശസ്ത തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വേട്ടയാട് വിളയാട് എന്ന ചിത്രത്തിലെ അമുദന്‍, വടാ ചെന്നൈയിലെ തമ്പി തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ശനിയാഴ്ച പുരസൈവാക്കത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും.
തമിഴിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ ചിത്തിയിലാണ് ആദ്യം ബാലാജി അഭിനയിക്കുന്നത്. സീരിയലിലെ ഡാനിയേല്‍ എന്ന കഥാപാത്രമാണ് ടി സി ബാലാജിയെ ഡാനിയേല്‍ ബാലാജിയാക്കുന്നത്. കമല്‍ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായിട്ടാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ഏപ്രില്‍ മാസത്തില്‍ ആണ് ബാലാജിയുടെ ആദ്യ സിനിമ. കാക്ക കാക്ക, പൊല്ലാതവന്‍, യെന്നൈ അറിന്താല്‍, ബിഗില്‍, തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ബ്ലാക്ക്, നവംബര്‍ റെയിന്‍, ഫോട്ടോഗ്രാഫര്‍, ഭഗവാന്‍, ഡാഡി കൂള്‍, ക്രൈം സ്‌റ്റോറി തുടങ്ങിയ മലയാള സിനിമകളിലും ബാലാജി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും കന്നഡയിലും അദ്ദേഹം ശ്രദ്ധേയനാണ്.