വിജയകാന്ത് | PHOTO: WIKI COMMONS
തമിഴിന്റെ ക്യാപ്റ്റന് വിട; നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് അന്തരിച്ചു
ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ താരത്തെ ഡിസംബര്‍ 26 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ കോവിഡും സ്ഥിരീകരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിനു പിന്നാലെയായിരുന്നു മരണം.
പനി ബാധിച്ചതിനെ തുടര്‍ന്ന് നവംബര്‍ 18 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 23 ദിവസം നീണ്ട ചികിത്സകള്‍ക്കുശേഷം ആശുപത്രിവിട്ട അദ്ദേഹം ഒരാഴ്ചമുമ്പ് ചെന്നൈയില്‍ നടന്ന ഡിഎംഡികെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലും പങ്കെടുത്തിരുന്നു.
എണ്‍പതുകളിലെ ആക്ഷന്‍ ഹീറോ
1952 ആഗസ്റ്റ് 25 ന് മധുരയിലാണ് വിജയകാന്തിന്റെ ജനനം. വിജയരാജ് അളഗര്‍ സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. 1917 ല്‍ ഇനിക്കും ഇളമൈ എന്ന ആദ്യ ചിത്രത്തില്‍ വില്ലനായാണ് വിജയകാന്ത് വെള്ളിത്തിരയിലേക്ക് എത്തിയത്. 1981 ല്‍ സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രത്തില്‍ നായകനായി എത്തി താരപദവി അരക്കിട്ടുറപ്പിച്ചു. നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകരന്‍ വന്‍ ഹിറ്റായി. സിവപ്പുമല്ലി, ജാതിക്കൊരു നീതി എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റായിരുന്നു.
പ്രധാനമായും ആക്ഷന്‍ സിനിമകളായിരുന്നു വിജയകാന്തിന്റേത്. എന്നാല്‍ റൊമാന്റിക് ഹീറോ ഉള്‍പ്പെടെയുള്ള വേഷങ്ങളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിച്ചു. കൂടാതെ പോലീസ് വേഷങ്ങളിലൂടെയും ഏറെ കൈയടി സ്വന്തമാക്കി. 1994 ല്‍ എംജിആര്‍ പുരസ്‌കാരം, 2001 ല്‍ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസണ്‍ പുരസ്‌കാരം, 2009 ല്‍ ടോപ്പ് 10 ലെജന്റ്‌സ് ഓഫ് തമിഴ് സിനിമ, 2011 ല്‍ ഓണററി ഡോക്ടറേറ്റ് എന്നിവയും വിജയകാന്തിനെ തേടിയെടി.
രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയജീവിതം
2005 സെപ്തംബര്‍ 14 നാണ് ദേശീയ മുര്‍പോക് ദ്രാവിഡകഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചത്. മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായിരുന്ന വിജയകാന്ത് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2016 മുതല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിജയ്കാന്തിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് ഭാര്യ പ്രേമലതാ വിജയകാന്തിനെ ഡിഎംഡികെ ജനറല്‍ സെക്രട്ടറിയായി അടുത്തിടെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
രണ്ടുതവണ വിജയകാന്ത് തമിഴ്‌നാട് നിയമസഭാംഗമായിട്ടുണ്ട്. 2006 ല്‍ തമിഴ്‌നാട് നിയമസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ പാര്‍ട്ടിക്ക് വിജയിക്കാനായുള്ളൂ. 2011 ല്‍ ഡിഎംകെയുമായി സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2011 മുതല്‍ 2016 വരെ തമിഴ്‌നാടിന്റെ പ്രതിപക്ഷ നേതാവായിരുന്നു വിജയകാന്ത്.