TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: WIKI COMMONS

TMJ Daily

പ്രാദേശിക ഭാഷകളിൽ 1.5 ലക്ഷം ലേഖനങ്ങളുമായി തമിഴ് മുന്നിൽ; വിക്കിമീഡിയ സ്റ്റാറ്റിസ്റ്റിക്‌സ് 

24 Jun 2023   |   2 min Read
TMJ News Desk

വിക്കിപീഡിയയിൽ ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ ലേഖനങ്ങൾ ലഭ്യമായി ഉറുദു, ഹിന്ദി, തമിഴ് ഭാഷകൾ. വിവർത്തന രൂപത്തിലല്ലാതെയാണ് ഇവ നിലനിൽക്കുന്നത്. സജീവമായി ഇടപെടുന്ന ഉപയോക്താക്കളും മോഡറേറ്റർമാരും ഈ ഭാഷകളിൽ വിക്കിപീഡിയയിൽ സജീവമായ ഇടപെടലുകൾ നടത്തുകയും മോഡറേറ്റ് ചെയ്യുന്നതായും ഇന്ത്യയിലെ വിക്കിമീഡിയ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് സെൻസസ് വ്യക്തമാക്കുന്നു.

ഒരു സംസ്ഥാനത്തു മാത്രം ഒതുങ്ങുന്ന ഭാഷകളിൽ വിക്കിപീഡിയയിൽ മുന്നിട്ടു നിൽക്കുന്നത് തമിഴ് ഭാഷയാണ്. ഏറ്റവും കൂടുതൽ ലേഖനങ്ങൾ ലഭ്യമായത് തമിഴിലാണ്. രണ്ടാമത് നിൽക്കുന്ന മറാത്തി ഭാഷയേക്കാൾ 1.6 മടങ്ങ് കൂടുതൽ ലേഖനങ്ങൾ തമിഴിൽ ലഭ്യമാണ്. മൂന്നാം സ്ഥാനത്ത് മലയാളവും നാലാം സ്ഥാനത്ത് തെലുങ്കുമാണ്. ലോക ഭാഷകൾ പരിഗണിക്കുമ്പോൾ 66,71,236 ലേഖനങ്ങളുമായി ഇംഗീഷ് മുന്നിലാണ്. ആകെ 320 ഭാഷകളിൽ വിക്കിപീഡിയയിൽ ലേഖനങ്ങൾ ലഭ്യമാണ്. ഫിലിപ്പീൻസിൽ വ്യാപകമായി ഉപയോഗിക്കുന്ന പ്രാദേശിക ഭാഷയായ സെബുവാനോയ 61,23,197 ലേഖനങ്ങളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് കൗതുകകരമാണ്. ജർമ്മൻ (28.1 ലക്ഷം), സ്വീഡിഷ് (25.6 ലക്ഷം), ഫ്രഞ്ച് (25.3 ലക്ഷം), എന്നീ ഭാഷകളാണ് ലേഖനങ്ങളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന മറ്റുഭാഷകൾ.

ഇന്ത്യൻ ഭാഷകളിൽ ഉറുദു, ഹിന്ദി, തമിഴ് എന്നീ ഭാഷകൾ 1.5 മുതൽ 2 ലക്ഷം വരെ ലേഖനങ്ങൾ നിലനിർത്തുന്നുണ്ട്. പശ്ചിമ ബംഗാളിലും, ബംഗ്ലാദേശിലും വ്യാപകമായി സംസാരിക്കുന്ന ബംഗ്ലാ ഭാഷയിൽ 1.4 ലക്ഷം ലേഖനങ്ങളാണ് ലഭ്യമായത്. സംസ്‌കൃതത്തിൽ ഏകദേശം 12,000 ലേഖനങ്ങളും സിന്ധിയിൽ 15,000 ത്തോളം ലേഖനങ്ങളും ഉണ്ട്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളിൽ രണ്ടെണ്ണത്തിൽ വിക്കിപീഡിയയിൽ ലേഖനങ്ങൾ ഒന്നും ഇല്ല. ബോഡോ, ഡോഗ്രി എന്നീ ഭാഷകളാണവ. എന്നാൽ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടാത്ത ഭോജ്പുരി, ബിഷ്ണുപ്രിയ, തുളു എന്നീ ഭാഷകളിൽ വിക്കിപീഡിയയിൽ ലേഖനങ്ങൾ ലഭ്യമാണ്. വിക്കിപീഡിയ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് വിക്കിപീഡിയയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അവർക്ക് പേജുകൾ ഇല്ലാതാക്കാനും, എഡിറ്റ് ചെയ്യാനും ഉപയോക്താക്കളെ നിയന്ത്രിക്കാനും കഴിയും. ഇംഗ്ലീഷ് ഭാഷയിൽ 898 അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ഉള്ളത്. ഇന്ത്യൻ ഭാഷകളിൽ തമിഴിലാണ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കൂടുതൽ. ഇത് 35 ആണ്. മലയാളത്തിൽ 15 ഉം ബംഗ്ലയിൽ 14 ഉം ആണ്. 

രജിസ്‌ട്രേഷൻ ഇല്ലാതെ വിക്കിപീഡിയ ബ്രൗസ് ചെയ്യുന്നവരെ ഉപയോക്താക്കളായി പരിഗണിക്കില്ല. ഇംഗ്ലീഷ് ഭാഷയ്ക്കാണ് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ. 4.5 കോടിയാണത്. മറ്റെല്ലാ ഭാഷകൾക്കും ഒരു കോടിയിൽ താഴെ ഉപയോക്താക്കളാണ് ഉള്ളത്. ഇന്ത്യൻ ഭാഷകളിൽ ഹിന്ദിയിൽ 7.6 ലക്ഷം ഉപയോക്താക്കളാണ് ഉള്ളത്. ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന ഭാഷകളിൽ 2.2 ലക്ഷവുമായി തമിഴാണ് മുന്നിൽ. 

വിക്കിപീഡിയ

ജിമ്മി വെയിൽസും കൂട്ടരും തുടക്കമിട്ട പദ്ധതിയാണ് വിക്കിപീഡിയ. സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാന കോശം ലോകത്തിലെ എല്ലാ ഭാഷകളിലും നിർമ്മിക്കാനുള്ള കൂട്ടായ സംരഭമാണിത്. മനുഷ്യരാശിയുടെ ആരംഭം മുതൽ ഇന്നുവരെ ഒറ്റയ്ക്കും കൂട്ടായും ആർജിച്ചെടുത്ത എല്ലാ അറിവുകളും ഒരു വ്യക്തിയുടേയോ അല്ലെങ്കിൽ ഒരു കൂട്ടത്തിന്റെ മാത്രമോ അല്ലെന്നും അത് എല്ലാവർക്കും വേണ്ടി ഉള്ളതാണെന്നും ഉള്ള തിരിച്ചറിവിൽ പകർപ്പകവാശം എല്ലാവർക്കും നൽകിക്കൊണ്ടാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്.

മലയാളം വിക്കിപീഡിയ

ആരംഭകാലത്ത് മലയാളം വിക്കിപീഡിയയിൽ പങ്കെടുത്തിരുന്ന അംഗങ്ങളെല്ലാം വിദേശത്ത് പ്രവർത്തിക്കുന്ന മലയാളികളായിരുന്നു. 2001 ജനുവരിയിലാണ് ഇംഗ്ലീഷ് വിക്കിപീഡിയ തുടങ്ങുന്നത്. അതിനു ശേഷം 2022-ഓടെ ലോകത്തെ മിക്ക ഭാഷകളിലും വിക്കിപീഡിയ തുടങ്ങി. ആദ്യകാലത്ത് മലയാളം വിക്കിപീഡിയയുടെ ഉപയോക്താക്കളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ യുണികോഡ് വന്നതോടു കൂടി സ്ഥിതി മാറുകയും ഉപയോക്താക്കളുടെ എണ്ണം കൂടുകയും ചെയ്തു. വിക്കിപീഡിയയിൽ മാറ്റങ്ങൾ വരുത്താൻ ഉപയോക്താക്കൾക്ക് സാധിക്കും. പുതിയ ലേഖനങ്ങൾ ചേർക്കാം, നിലവിലുള്ള ലേഖനങ്ങൾ വികസിപ്പിക്കാം, അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും തിരുത്താം, ലേഖനങ്ങൾ തരംതിരിക്കാം, ചിത്രങ്ങൾ ചേർക്കാം തുടങ്ങിയ മാറ്റങ്ങൾ സാധ്യമാണ്.


#Daily
Leave a comment