
സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണാവകാശം; തമിഴ്‌നാട് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു
കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച ഭരണഘടന വകുപ്പുകളും നിയമങ്ങളും നയങ്ങളും പരിശോധിക്കുന്നതിനും തമിഴ്‌നാടിന്റെ സ്വയംഭരണാവകാശവും ഫെഡറലിസവും ശക്തിപ്പെടുത്തുന്നതിന് ഉചിതമായ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനും മൂന്നംഗ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു.
മുന്‍ സുപ്രീംകോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ആണ് സമിതി തലവന്‍. വിരമിച്ച ഐഎഎസ് ഓഫീസറും ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ കെ അശോക് വര്‍ദ്ധന്‍ ഷെട്ടിയും സംസ്ഥാന പ്ലാനിങ് കമ്മീഷന്റെ മുന്‍ വൈസ് ചെയര്‍മാനുമായ എം നാഗനാഥന്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച ഭരണഘടനാ വകുപ്പുകളും നിയമങ്ങളും ചട്ടങ്ങളും നയങ്ങളും പരിശോധിക്കുക, സംസ്ഥാന പട്ടികയില്‍ നിന്നും കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങളെ പുനസ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക, സംസ്ഥാനങ്ങള്‍ നേരിടുന്ന ഭരണപരമായ വെല്ലുവിളികളെ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക, രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ബാധിക്കാതെ സംസ്ഥാനങ്ങള്‍ക്ക് പരമാവധി സ്വയംഭരണം ഉറപ്പാക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുക, നിലവിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ രാജാമണ്ണാര്‍ കമ്മിറ്റി, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച കമ്മീഷനുകള്‍ എന്നിവയുടെ ശുപാര്‍ശകള്‍ പരിഗണിക്കുക എന്നിവയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് കമ്മിറ്റിയുടെ ചുമതലകള്‍.
കമിറ്റി ഇടക്കാല റിപ്പോര്‍ട്ട് 2026 ജനുവരിയോടെയും അന്തിമ റിപ്പോര്‍ട്ട് രണ്ട് വര്‍ഷത്തിനുള്ളിലും സമര്‍പ്പിക്കണം.