TMJ
searchnav-menu
post-thumbnail

R N RAVI | PHOTO: PTI

TMJ Daily

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്; 10 ബില്ലുകള്‍ തിരിച്ചയച്ച് തമിഴ്‌നാട് ഗവര്‍ണര്‍ 

16 Nov 2023   |   1 min Read
TMJ News Desk
മിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തിരിച്ചയച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ചയച്ച ബില്ലുകള്‍ വീണ്ടും പാസാക്കി ഗവര്‍ണര്‍ക്ക് അയക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ശനിയാഴ്ച ചേരും. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഗവര്‍ണറെ വിമര്‍ശിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതെ തിരിച്ചയക്കുകയാണ് ചെയ്തത്.

ഭരണഘടന നിര്‍ദേശം ലംഘിക്കുന്നു

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ എത്രയും പെട്ടന്ന് തീരുമാനം എടുക്കണം എന്നത് ഭരണഘടന നിര്‍ദേശിച്ചിട്ടുള്ളതാണ്. ഇതുതന്നെയാണ് സുപ്രീംകോടതിയും വ്യക്തമാക്കുന്നത്. എന്നാല്‍ പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാരുടെ നടപടികള്‍ വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. കേരളത്തിലും സമാനമായ രീതിയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണം

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ ഉപദേശമനുസരിച്ച് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും ഗവര്‍ണര്‍ തീകൊണ്ട് കളിക്കരുതെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെ എത്തുമെന്നും കോടതി ചോദിച്ചു. ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരം നിരീക്ഷണം നടത്തിയത്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന തമിഴ്നാട് ഗവര്‍ണറുടെ നടപടി ആശങ്ക ഉയര്‍ത്തുന്നുവെന്നും കോടതി വെള്ളിയാഴ്ച പറഞ്ഞിരുന്നു.

നാല് ബില്ലുകളുടെ കാര്യത്തിലാണ് തീരുമാനമെടുക്കാനുള്ളതെന്ന് പഞ്ചാബ് ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്.. നിയമസാധുതയില്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ സഭാ സമ്മേളനം വിളിച്ചുചേര്‍ത്തതെന്നാണ് ഗവര്‍ണറുടെ വിശദീകരണം. ബില്ലുകളില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. ഹര്‍ജി നവംബര്‍ 20 ലേക്ക് മാറ്റുകയായിരുന്നു. 
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പഞ്ചാബ്, തമിഴ്നാട് സര്‍ക്കാരുകളുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. 12 ബില്ലുകളാണ് ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുന്നതെന്ന് തമിഴ്നാടിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തമിഴ്നാടിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി.


#Daily
Leave a comment