
തമിഴ്‌നാട് നിയമസഭ: ഗവര്‍ണര്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നയപ്രഖ്യാപനം വായിച്ചില്ല
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഇറങ്ങിപ്പോയി. 2025-ലെ ആദ്യ നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനായി എത്തിയ ഗവര്‍ണര്‍ രണ്ട് മിനിട്ടുകള്‍ക്കുള്ളില്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ദേശീയ ഗാനം ആലപിക്കാനുള്ള അഭ്യര്‍ത്ഥന മുഖ്യമന്ത്രി എം കെ സ്റ്റാലിനും നിയമസഭ സ്പീക്കര്‍ എം അപ്പാവുവും നിരസിച്ചുവെന്ന് ഗവര്‍ണര്‍ പിന്നീട് പ്രസ്താവനയില്‍ ആരോപിച്ചു.
ഗവര്‍ണറുടെ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭ ബഹിഷ്‌കരിച്ചപ്പോള്‍ സ്പീക്കര്‍ തമിഴിലുള്ള നയപ്രഖ്യാപനം വായിച്ചു. ഗവര്‍ണര്‍ ഇറങ്ങിപ്പോയി നിമിഷങ്ങള്‍ക്കകം തമിഴ്‌നാട് സര്‍ക്കാരിനെതിരെയുള്ള പ്രസ്താവന പുറത്തുവിട്ടു. സമ്മേളനത്തിന്റെ തുടക്കത്തില്‍ ദേശീയഗാനം പാടിയില്ലെന്നും ഇതിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ ഭരണഘടനയെ അപമാനിച്ചുവെന്നും പ്രസ്താവനയില്‍ ഗവര്‍ണര്‍ ആരോപിച്ചു. തമിഴ്‌നാട് നിയമസഭയില്‍ ഭാരതത്തിന്റെ ഭരണഘടനയും ദേശീയ ഗാനവും ഒരിക്കല്‍ കൂടി അപമാനിക്കപ്പെട്ടുവെന്ന് പ്രസ്താവന പറയുന്നു.
സഭയില്‍ തമിഴ് തായ് വാഴ്ത്ത് മാത്രമേ പാടിയുള്ളൂവെന്നും ദേശീയ ഗാനം പാടണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോടും സ്പീക്കറോടും ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ലെന്നും ശാപത്തോടെ നിരസിച്ചുവെന്നും പ്രസ്താവന പറയുന്നു.
അണ്ണാ യൂണിവേഴ്‌സിറ്റിയിലെ പീഡനക്കേസുമായി ബന്ധപ്പെട്ട് എഐഡിഎംകെ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധം ഉയര്‍ത്തി. സ്പീക്കര്‍ ഇവരെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ബിജെപി, പിഎംകെ അംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.